കട്ടപ്പുക ഉയരുന്നു... സ്വപ്ന സുരേഷ് പറഞ്ഞ വിജയന്‍ പിള്ള വിജേഷ് പിള്ളയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്; കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നതായി കൊച്ചിയിലെ കെട്ടിട ഉടമ

സ്വപ്ന സുരേഷ് പൊട്ടിച്ച ബോംബില്‍ തീപിടിച്ചിരിക്കുകയാണ് കേരളം. സ്വപ്ന സുരേഷ് കേരളത്തിലില്ലാത്തതിനാല്‍ ആര്‍ക്കും ഒന്ന് ചോദിച്ച് മനസിലാക്കാന്‍ കൂടി കഴിയില്ല. ചാനലുകാര്‍ക്കും സ്വപ്ന എവിടെയുണ്ടെന്നറിയില്ല. അതിനിടെ സ്വപ്ന പറഞ്ഞയാളെ തപ്പി ഇഡി ഇറങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച ഇടനിലക്കാരന്‍ വിജയ് പിള്ള കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഓഫീസ് തുറക്കാന്‍ 2017 ലാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്ന് കൊച്ചിയിലെ ഇയാളുടെ സ്ഥാപനം പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഉടമ ജാക്‌സണ്‍ മാത്യു വ്യക്തമാക്കി. 2017 ലാണ് ഡബ്ല്യു ജി എന്‍ എന്ന പേരില്‍ വിജേഷ് പിള്ള സ്ഥാപനം നടത്തിയത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യും എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഓഫീസ് പൂട്ടി.
ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്‌സണ്‍ മാത്യു വ്യക്തമാക്കി. സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിജേഷിനെ തേടി ഇ ഡി ഉദ്യോഗസ്ഥര്‍ വന്നിരുന്നു. ഇന്നലെ സ്വപ്ന സുരേഷ് നടത്തിയ എഫ് ബി ലൈവിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും സിഐ വിളിച്ചുവെന്നും കെട്ടിട ഉടമ ജാക്‌സണ്‍ മാത്യു വ്യക്തമാക്കി.
കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
കണ്ണൂര്‍ സ്വദേശിയാണ് വിജേഷ് പിള്ളയെന്നാണ് വിവരം. ആക്ഷന്‍ ഒ ടി ടി എന്ന സ്ഥാപനത്തിന്റെ സി ഇ ഓ ആണ് വിജയ് പിള്ളയെന്നും വിവരമുണ്ട്. ആക്ഷന്‍ ഒ ടി ടി എന്ന ആപ്പുമായി ബന്ധപ്പെട്ടാണ് വിജയ് പിള്ള തന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്ന നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണെന്ന വിവരം പുറത്തുവരുമ്പോള്‍ കൊച്ചിയിലെ ഓഫീസിന്റെ കെട്ടിട ഉടമയോട് ഇയാള്‍ പറഞ്ഞിരുന്നത് എറണാകുളം സ്വദേശിയെന്നാണ്. കണ്ണൂരില്‍ ബന്ധങ്ങളുണ്ടെന്നുമാണ് കെട്ടിട ഉടമയോട് വിജേഷ് പിള്ള പറഞ്ഞിരുന്നത്.
നേരത്തെ ഷാജ് കിരണ്‍ എന്ന ഇടനിലക്കാരനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കേരളത്തിന് അറിവുള്ളതാണ്. ഷാജ് കിരണ്‍ ആദ്യം സ്വപ്നയുടെ ഇടനിലക്കാരനായാണ് എത്തിയത്. സ്വപ്നയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന ഷാജ് കിരണ്‍ പിന്നീട് ഉന്നതര്‍ക്ക് വേണ്ടി ഇടപെട്ടു എന്നാണ് അന്ന് സ്വപ്ന വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്തിരുന്നു. അതിന് ശേഷം ഇപ്പോളാണ് പുതിയൊരു പേര് സ്വപ്ന വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വിജയ് പിള്ളയെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തില്‍ ചര്‍ച്ച സജീവമാണ്. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെയാണ് വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചര്‍ച്ചയും സജീവമായത്. സ്വപ്ന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് വിജയ് പിള്ള എന്നാണെങ്കിലും പരാതിയില്‍ പറഞ്ഞിട്ടുള്ളത് വിജേഷ് പിള്ള എന്നാണ്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു ജി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയാണ് വിജയ് പിള്ള എന്നാണ് വിവരം.
"
https://www.facebook.com/Malayalivartha
























