പുറകേ പോയവര്‍ വെട്ടില്‍... സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും ഒത്തുതീര്‍ക്കാന്‍ നിയോഗിച്ചയാളെന്നു സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ള നാട്ടില്‍ അറിയപ്പെടുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരില്‍; മണി ചെയിന്‍, സിനിമാ നിര്‍മാണം തുടങ്ങിയ വിജേഷ് പിള്ളയുടെ സാമ്പത്തിക ബന്ധങ്ങള്‍ ദുരൂഹം

ആരാരും അറിയാതെ ബിസിനസുമായി മുന്നോട്ട് പോയിരുന്ന വിജേഷ് പിള്ള ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. സ്വര്‍ണക്കടത്തും അനുബന്ധകേസുകളും ഒത്തുതീര്‍ക്കാന്‍ സിപിഎം നിയോഗിച്ചയാളെന്നു സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ പറ്റി അന്വേഷണം തകൃതിയായി നടക്കുന്നു. ഒരു വശത്ത് ഇഡിയും പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും മറുവശത്ത് ചാനലുകളും മത്സരിക്കുകയാണ്.
അതിനിടെ വിജേഷ് പിള്ളയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പുറത്തായി. വിജേഷ് പിള്ള നാട്ടില്‍ അറിയപ്പെടുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരിലാണ്. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തായിരുന്നു താമസം.
വിജേഷ് 10 വര്‍ഷം മുന്‍പ് മറ്റൊരാള്‍ക്കൊപ്പം നാട്ടില്‍ മണിചെയിന്‍ ബിസിനസ് നടത്തിയിരുന്നു. പിന്നീടു കൊച്ചിയിലേക്കു മാറി. ഈ മാസം 23ന് കടമ്പേരി ക്ഷേത്രത്തില്‍ തന്റെ നേതൃത്വത്തില്‍ സിനിമയുടെ പൂജ നടക്കുന്നുണ്ടെന്നു വിജേഷ് സുഹൃത്തുക്കളോടു പറഞ്ഞതായി വിവരമുണ്ട്. നാട്ടില്‍ സിപിഎമ്മുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. കടമ്പേരിയിലെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്.
സിപിഎമ്മുമായോ എം.വി.ഗോവിന്ദനുമായോ മകനു ബന്ധമില്ലെന്നു പിതാവ് ഗോവിന്ദന്‍ പറഞ്ഞു. സ്വപ്ന ഉന്നയിച്ച കാര്യങ്ങള്‍ വിശ്വസിക്കുന്നില്ല. ഏറെ നാളുകളായി മകനു നാടുമായി വലിയ ബന്ധമില്ല. ഒരു മാസം മുന്‍പാണ് വീട്ടില്‍ വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‌വേ ക്യാംപസിലെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഒടിടി എന്ന ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയില്‍ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവര്‍ത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്‌സണ്‍ മാത്യു പറഞ്ഞു. ഡബ്ല്യുജിഎന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മലയാള സിനിമാ നിര്‍മാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. ചലച്ചിത്ര നിര്‍മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
ഒത്തുതീര്‍പ്പിനെത്തിയത് 'വിജയ് പിള്ള' എന്നാണ് സ്വപ്ന ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞത്. 'വിജേഷ് പിള്ള' എന്നാണ് വാട്‌സാപ് ചാറ്റില്‍ അയാള്‍ പരിചയപ്പെടുത്തുന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇമെയില്‍ സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു.
കണ്ണൂര്‍ മൊറാഴ സ്വദേശിയാണ് വിജേഷ് എന്നാണ് വിവരം. ആഡംബര കാറുകളിലാണ് യാത്ര. രണ്ടു ദിവസം മുന്‍പും വീട്ടിലെത്തിയിരുന്നു. ഇയാള്‍ കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയില്‍ പറയുന്നത്. രേഖകളില്‍ 'ആക്ഷന്‍ ഒടിടി'യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്‌ഫോമില്‍ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.
കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് എന്ന കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വപ്ന നല്‍കിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയില്‍ ഇത്തരമൊരു ഓഫിസില്ല. 2017ല്‍ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നല്‍കാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























