മമ്മൂട്ടി അന്നേ സോറി പറഞ്ഞു... നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍ എന്ന് മമ്മൂട്ടി വിശേഷിപ്പിച്ച രേണു രാജ് രാത്രി വേദനയോടെ പടിയിറങ്ങി; മടങ്ങിയത് ചുമതല നേരിട്ട് കൈമാറാതെയും ഫയലുകളില്‍ ഒപ്പിടാതെയും; എറണാകുളം കളക്ടറായി തിളങ്ങിയ രേണുരാജിന്റെ മടക്കം തികഞ്ഞ നിസംഗതയോടെ

എറണാകുളം കളക്ടറായിരുന്ന രേണുരാജിനോട് സാക്ഷാല്‍ മമ്മൂട്ടി സോറി പറഞ്ഞിരുന്നു. ഇപ്പോഴിതാ വേദനയോടെ ആരാരുമറിയാതെ രേണുരാജ് പടിയിറങ്ങി.
ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ 83-ാം ജന്മദിന പരിപാടി ചടങ്ങില്‍ അതിഥിയായി മമ്മൂട്ടി എത്തിയപ്പോഴായിരുന്നു സംഭവം. എറണാകുളത്ത് യേശുദാസ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിലാണ് മമ്മൂട്ടി സംസാരിച്ചത്. ഈ വേളയില്‍ എറണാകുളം കളക്ടര്‍ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. വളരെ മനോഹരമായി മലയാളം സംസാരിച്ച കളക്ടര്‍ മലയാളിയാണെന്ന് അറിഞ്ഞില്ല എന്ന് മമ്മൂട്ടി. വെറും മലയാളി അല്ല, നല്ല ബെസ്റ്റ് മലയാളിയാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കലക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കലക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കലക്ടര്‍ ആണെന്ന് അറിയുന്നത്,' മമ്മൂട്ടി പറഞ്ഞു.
പ്രസംഗം നിര്‍ത്തിയ ഉടന്‍ രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ വേദിയില്‍ പറഞ്ഞതെന്നും മമ്മൂട്ടി വ്യക്തമാക്കി.
ആ കളക്ടര്‍ ഇന്നില്ല വേദനയോടെ പടിയിറങ്ങി. 2022 ജൂലായ് 27-ന് നിറഞ്ഞ പുഞ്ചിരിയോടെയാണ് കളക്ടര്‍ പദവിയേറ്റെടുക്കാനായി രേണു രാജ് എറണാകുളം കളക്ടറേറ്റ് പടി ചവിട്ടിയത്. 2023 മാര്‍ച്ച് എട്ടിന് രാത്രി ആരോടും ഒന്നും മിണ്ടാതെ, യാത്രപോലും പറയാതെ അവര്‍ മടങ്ങി. ബ്രഹ്‌മപുരത്തെ തീയും പുകയും അണയും മുന്നെ, വനിതാ ദിനത്തില്‍ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയ നടപടിയുടെ പ്രതിഷേധമാണ് ഈ ഇറങ്ങിപ്പോക്കെന്ന് കരുതുന്നവരുണ്ട്.
ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കളക്ടര്‍ രാത്രി സ്ഥാനം ഒഴിഞ്ഞ് മറ്റൊരു കളക്ടര്‍ക്ക് ചുമതല നേരിട്ട് കൈമാറാതെ ജില്ല വിട്ടത്. രേണു രാജ് ഉള്‍പ്പെടെയുള്ള കളക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് ബുധനാഴ്ച രാവിലെയാണ് ഉത്തരവ് ഇറങ്ങിയത്. ഇതറിഞ്ഞ ശേഷം ഒഴിവാക്കാനാവാത്ത ഏതാനും പരിപാടികളില്‍ പങ്കെടുത്ത ശേഷം ബ്രഹ്‌മപുരം വിഷയത്തില്‍ ഹൈക്കോടതിയിലും ഹാജരായി വൈകീട്ട് നാലരയോടെയാണ് രേണു രാജ് തിരിച്ച് കളക്ടറേറ്റിലെത്തിയത്. ഇതിനിടെ ഒപ്പിടാനുള്ള സുപ്രധാന ഫയലുകളില്‍ പലതും ഉദ്യോഗസ്ഥര്‍ തയ്യാറാക്കി മേശപ്പുറത്ത് വച്ചെങ്കിലും ഇവയൊന്നും കളക്ടര്‍ നോക്കിയില്ല.
തന്റെ നിര്‍ദേശപ്രകാരം ഡ്രാഫ്റ്റ് ഒപ്പിട്ട് തയ്യാറാക്കിയ ഫയലിന്റെ അന്തിമ ഉത്തരവില്‍ പോലും ഒപ്പിടാതെയായിരുന്നു മടക്കം. രാത്രി ഏഴരയോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) എസ്. ഷാജഹാന്‍, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍ കുമാര്‍ മേനോന്‍ എന്നിങ്ങനെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമുള്ളപ്പോഴാണ് പദവി ഒഴിഞ്ഞ് രേണു രാജ് പടിയിറങ്ങിയത്.
പുതിയ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് ചുമതല നേരില്‍ കൈമാറാതെ എ.ഡി.എം. എസ്. ഷാജഹാന് ചുമതല കൈമാറിയായിരുന്നു യാത്ര. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയുള്ള കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. വനിതാ ദിന ആശംസകള്‍ നേര്‍ന്ന് ഇട്ട പോസ്റ്റാണ് ചര്‍ച്ചയായത്.
സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ 'പ്രതിഷേധ മുന'യുള്ള പോസ്റ്റുമായി എറണാകുളം കളക്ടര്‍ രേണുരാജ് രംഗത്തെത്തിയത്. 'നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. 'നീ വെറും പെണ്ണാണ്' എന്ന് പറയുന്നിടത്താണ് പ്രതിഷേധം' എന്ന വരികളാണ് വനിതാ ദിനാശംസയായി കളക്ടര്‍ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം ഏഴ് മാസവും 12 ദിവസവും ജില്ലയെ നയിച്ച കളക്ടര്‍ രേണു രാജിന് അപ്രതീക്ഷിത സ്ഥലംമാറ്റമാണ് ഉണ്ടായത്.
"
https://www.facebook.com/Malayalivartha

























