എന്‍ജിനിയറിംഗ് പരീക്ഷാ നടത്തിപ്പ്: സ്വകാര്യ കമ്പനിയെ ഒഴിവാക്കി

സ്വകാര്യ കമ്പനിയ്ക്ക് നാലുകോടി രൂപ നല്‍കി എന്‍ജിനിയറിംഗ് പരീക്ഷകള്‍ നടത്താനുള്ള സാങ്കേതിക സര്‍വകലാശാലയുടെ നീക്കം സര്‍ക്കാര്‍ തടഞ്ഞു. ബാംഗ്‌ളൂരിലെ മെരിറ്റ് ട്രാക്ക് കമ്പനിക്ക് പരീക്ഷാ നടത്തിപ്പിനും മൂല്യനിര്‍ണയത്തിനും നല്‍കിയ കരാര്‍ റദ്ദാക്കാനും സര്‍വകലാശാല നേരിട്ട് പരീക്ഷ നടത്താനും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍ദ്ദേശിച്ചു.
ക്രിസ്മസ് അവധിക്കുശേഷം പരീക്ഷ നടത്താനും ടാബുലേഷനും അനുബന്ധജോലികള്‍ക്കുമായി മറ്റ് സര്‍വകലാശാലകളില്‍ നിന്ന് 70 പേരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കും. അടുത്ത വര്‍ഷം മുതല്‍ സര്‍വകലാശാല സ്വന്തമായി പരീക്ഷാ സോഫ്ട്‌വെയര്‍ വികസിപ്പിക്കും. സാങ്കേതികവിദഗ്ദ്ധരുടെ ടീമിന് രൂപംനല്‍കാനും ധാരണയായി. സ്വകാര്യ കമ്പനിയുടെ തട്ടിക്കൂട്ട് പരീക്ഷ ഒരു പ്രമുഖ പത്രം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.
പരീക്ഷാ നടത്തിപ്പ് പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ അഡി. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം നിര്‍ദ്ദേശിച്ചെങ്കിലും കെല്‍ട്രോണിനെ മുന്‍നിറുത്തി സ്വകാര്യ കമ്പനിയെ കൊണ്ടുവരാനുള്ള ഏര്‍പ്പാട് അനുവദിക്കാനാവില്ലെന്ന് കെ.എസ്.യു എതിര്‍ത്തു. സ്വന്തം സോഫ്ട്‌വെയറിലൂടെ അതിസുരക്ഷാ മാര്‍ഗത്തില്‍ ചോദ്യക്കടലാസ് കൈമാറുന്ന കേരള, ആരോഗ്യ സര്‍വകലാശാലകളുടെ മാതൃകയിലാവും ഇനി എന്‍ജിനിയറിംഗ് പരീക്ഷ നടത്തുന്നത്.
മൂല്യനിര്‍ണയം എളുപ്പമാക്കാന്‍ ഗ്രാഫിക്‌സ് പരീക്ഷ ഒഴിവാക്കിയെന്നും ഒരു പേജില്‍ മാത്രം ബാര്‍കോഡുള്ള ഉത്തരക്കടലാസില്‍ കൃത്രിമം നടക്കുമെന്നുമുള്ള പത്ര റിപ്പോര്‍ട്ട് എ.കെ.പി.സി.ടി.എ ജനറല്‍ സെക്രട്ടറി കെ.എല്‍. വിവേകാനന്ദന്‍ യോഗത്തില്‍ ഉന്നയിക്കുകയുണ്ടായി. പത്ത് സിലബസും പത്ത് ചോദ്യപേപ്പറുമായി എം.ടെക് പരീക്ഷ നടത്തുന്നത് പുനഃപരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
സ്വകാര്യ കമ്പനിയുടെ സോഫ്ട്‌വെയറില്‍ ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിലെ തകരാറുകാരണം ചോദ്യപേപ്പര്‍ പുറത്തായെന്ന് അദ്ധ്യാപകവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ബാംഗ്‌ളൂരിലെ കമ്പനിക്ക് പരീക്ഷാ നടത്തിപ്പിന് നല്‍കുന്ന നാലുകോടി രൂപയുണ്ടെങ്കില്‍ 150 സ്ഥിരം ജീവനക്കാര്‍ക്ക് ഒരു വര്‍ഷം ശമ്പളം നല്‍കാനാവുമെന്ന് ഇന്നലെ പത്രറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയായി.
45000 വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ഡേറ്റാബേസും സര്‍വകലാശാലാ വെബ്‌സൈറ്റും നിയന്ത്രിക്കുന്നത് ടെക്‌നോപാര്‍ക്കിലെ ഓസ്പിന്‍ ടെക്‌നോളജീസ് എന്ന കമ്പനിയാണ്. നാലുകോടിയാണ് ഇവരുടെ പ്രതിഫലം. ഇവരെ ഉപയോഗിച്ച് സ്വന്തമായി സോഫ്ട്‌വെയര്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha