ലൈഫ് മിഷൻ കോഴക്കേസിൽ യുണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിലായതിന് പിന്നാലെയാണ് കാര്യങ്ങൾ കൂടുതൽ കീഴ്മേൽ മറിഞ്ഞു

ലൈഫ് മിഷൻ കോഴക്കേസിൽ യുണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിലായതിന് പിന്നാലെയാണ് കാര്യങ്ങൾ കൂടുതൽ കീഴ്മേൽ മറിഞ്ഞത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു എ ഇ കോൺസുലേറ്റ് ജനരൽ അടക്കമുളളവർക്ക് കോഴ നൽകിയെന്നാണ് ഇഡി ആരോപിക്കുന്നത്. സന്തോഷ് ഈപ്പൻ 6 കോടി രൂപ നൽകിയെന്ന് സ്വപ്ന സുരേഷ് അടക്കമുളളവർ നേരതെ തന്നെ പറഞ്ഞിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇ ഡി കേസെടുത്തിട്ടുളളത്. പി എസ് സരിത്തും സ്വപ്നയും ലൈഫ് മിഷൻ കോഴക്കേസിൽ മൂന്നും നാലും പ്രതികളാണ്. എം ശിവശങ്കറാണ് കേസിലെ ഏഴാം പ്രതി. ശിവശങ്കർ നേരത്തെ തന്നെ അറസ്റ്റിലാണ്. മുഖ്യമന്ത്രിക്ക് നേരെയുളള കുരുക്കുകളും മുറുകുകയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കായി യു എ ഇ എൻ ജി ഒ റെഡ് ക്രസന്റ് നൽകിയ 18.5 കോടി രൂപയിൽ നിന്നും 4.4 കോടി രൂപയോളം സന്തോഷ് ഈപ്പൻ കമ്മീഷനായി തട്ടിയെടുക്കുകയായിരുന്നു. ഇതിൽ 3.8 കോടി രൂപയ്ക്ക് തുല്യമായ യു എസ് ഡോളർ കരിച്ചന്തയിൽ നിന്നും വാങ്ങുകയും തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പണം കൈമാറുകയും ചെയ്തു എന്നതാണ് സന്തോഷ് ഈപ്പനെതിരെയുളള ആരോപണം.
ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉൾപ്പടെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി കരുനീക്കം മുറുക്കുകയാണ്. കോഴ ഇടപാടിൽ ഉന്നത രാഷ്ട്രീയ രംഗത്തുളളവർക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന നിലപാടിലാണ് ഇ ഡി. ഇവരിലേക്കെത്തിക്കാനുളള മൊഴികളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്. സമ്മർദ്ദം സഹിക്കവയ്യാതാകുമ്പോൾ ശിവശങ്കർ കൃത്യമായ മൊഴി നൽകുമെന്നാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. നിർണ്ണായക വിവരങ്ങളെന്തെങ്കിലും കിട്ടിയാൽ വമ്പൻമാരിലേക്ക് അന്വേഷണം തിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ശിവശങ്കർ നിരന്തരം മൊഴി മാറ്റി പറഞ്ഞത് കൊണ്ടാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ലൈഫ് മിഷൻ മുൻ സി ഇ ഒ യു വി ജോസ് എന്നിവരെ വിളിച്ചു വരുത്തി ഒപ്പമിരുത്തി ചോദ്യം ചെയ്തത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശിവശങ്കറുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നാണ് ഇവരെല്ലാം മൊഴി നൽകിയത്. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുൻകൈ എടുത്തതെന്നും ജോസ് ചോദ്യം ചെയ്യലിൽ തുറന്ന് പറഞ്ഞിരുന്നു. കോഴ നൽകിയെന്നുളള കാര്യം സന്തോഷ് ഈപ്പൻ നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. പ്രളയ ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനും ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നതിനും 21 കോടി 72 ലക്ഷം രൂപയുടെ പദ്ധതിയാണ് റെഡ് ക്രസന്റ് ആവിഷ്കരിച്ചത്. പദ്ധതിയുടെ നിർമ്മാണ കരാർ യുണിടാക്കിന് അനധികൃതമായി നൽകി കമ്മീഷൻ നേടിയെടുക്കുകയായിരുന്നു ശിവശങ്കർ ലക്ഷ്യമിട്ടതെന്നായിരുന്നു ഇ ഡി യുടെ കണ്ടെത്തൽ. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴിയെത്തുടർന്നാണ് ലൈഫ് മിഷൻ കോഴക്കേസ് മറനീക്കി പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായത് സന്തോഷ് ഈപ്പനാണെങ്കിലും പലരുടേയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിന് ശിവശങ്കറുമായി മാത്രമല്ല ബന്ധമുളളത്.
വാട്ട്സ് ആപ്പ് ചാറ്റിലൊക്കെ മുഖ്യമന്ത്രിയുടെ പേര് നേരിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണെന്നടക്കമുളള കാര്യമൊക്കെ ചാറ്റിൽ പരാമർശിക്കുന്നുണ്ട്. ഇതെല്ലാം അസംബന്ധം എന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് കളളമാണെന്നാണ് ഇപ്പോഴുളള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ബാങ്ക് ലോക്കറിലെ കോഴപ്പണത്തിൽ ഒരു കോടി ശിവശങ്കറിന്റേതാണെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി പൊളിയും. കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞ് ഇതൊക്കെ തളളിപ്പറയാൻ സർക്കാരിനും സി പി എമ്മിനും ഒരു പക്ഷെ കഴിഞ്ഞെക്കാം. പക്ഷെ അന്വേഷണ ഏജൻസികൾ ശക്തമായി പ്രവർത്തിച്ചാൽ മുഖ്യൻ കുരുങ്ങും. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ആണ് നിലനിൽക്കുന്നത്. ഇതെല്ലാം സർക്കാരിനെ തിരിഞ്ഞ് കൊത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
ബിനുപളളിമൺ
https://www.facebook.com/Malayalivartha

























