'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തമാകാതെ കുടുംബം. ഏകമകൾ അനാർക്കലി എന്ന ഷിന്റോയെ കാണാൻ സുമൻ ചൊവ്വരയിലെ വീട്ടിലേക്ക് എത്തുമെന്നാണു പറഞ്ഞിരുന്നതെന്ന് ഭാര്യ രമ്യയുടെ പ്രതികരണം. മകനെ എന്തിനാണു കൊന്നതെന്ന സുമന്റെ കുഞ്ഞമ്മ ശശികലയുടെ അലമുറയിട്ട് കരഞ്ഞുകൊണ്ടുള്ള ചോദ്യത്തിൽ പകച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
പ്രസവിച്ച് രണ്ടാം മാസം അമ്മ മരിച്ചതിനെ തുടർന്ന് കുഞ്ഞമ്മയായ ശശികലയും അമ്മൂമ്മ കൗസല്യയുമാണ് സുമനെ വളർത്തിയത്. സ്വന്തം വീട് ഇല്ലാത്തതിനാൽ കുഞ്ഞമ്മയ്ക്കൊപ്പമാണു വെള്ളായണി പാലപ്പൂരിലെ വീട്ടിൽ സുമൻ കഴിഞ്ഞിരുന്നത്. പാചക വൈദഗ്ധ്യമുണ്ടായിരുന്ന സുമന് കോവളത്തെ ഹോട്ടലിലായിരുന്നു ജോലി. കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചുനാളായി ജോലിക്കു പോയിരുന്നില്ല. സുഹൃത്തുവന്ന് വിളിച്ചിറക്കി കൊണ്ടുപോയതാണെന്നു കുഞ്ഞമ്മ പറഞ്ഞു.
യുവാവ് മൃതപ്രായനായതിനു ശേഷവും പ്രതികൾ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതു തുടർന്നു. കണ്ടുനിന്നവർ വിലക്കുമ്പോൾ അവർക്കുനേരെയും ആക്രോശിക്കുകയും അവനെ കൊല്ലെടാ എന്നും പറയുന്നതും വിഡിയോയിലുണ്ട്. അതേസമയം, കൂടിനിന്നവരാരും യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല എന്നതും യാഥാർഥ്യം.
https://www.facebook.com/Malayalivartha

























