ഇന്നും നാളെയും മഴ കനക്കും... ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

തൃശ്ശൂരിൽ മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. മിന്നൽച്ചുഴലിയെത്തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും തൃശ്ശൂർ കൊപ്ളിപ്പാടം, കൊടുങ്ങ എന്നിവിടങ്ങളിലാണ് വ്യാപകമായ കൃഷി നാശമടക്കമുണ്ടായത്. ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് തെങ്ങും മരങ്ങളും കടപുഴകി വീണു. ഇതിനെത്തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും നാളെയും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും മഴ സജീവമാകുമെന്നാണ് പ്രവചനം.
ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
https://www.facebook.com/Malayalivartha