ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് ട്രംപ്...? പരോക്ഷമായി മറുപടി നല്‍കി മോദി...

വെറുതെ ഉമ്മാക്കി കാട്ടി വിരട്ടരുത്...ഇത് ഇന്ത്യയാണ് ഈ ബ്ലാക്‌മെയ്‌ലിംഗ് ഒന്നും വിലപ്പോവില്ല. അതും ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി.... ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പാകിസ്താന് ശക്തമായ മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, അത് വെച്ചു പൊറുപ്പിക്കില്ല. ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരും.
പ്രതികരണം എങ്ങനെവേണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചയുണ്ടെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബുദ്ധപൂർണിമയാണെന്നും ബുദ്ധൻ സമാധാനത്തിന്റെ പാത കാണിച്ചു തന്നുവെന്നും മോദി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് ഭീകരർ മതം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികൾ കാണിച്ച ക്രൂരത ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നെന്നും മോദി പറഞ്ഞു. ഇന്ത്യ നൽകിയ കനത്ത തിരിച്ചടി ഭീകരവാദികൾ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല.
ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്താനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണെന്നും മോദി തന്‍റെ അഭിസംബോധനയിൽ ചൂണ്ടിക്കാട്ടി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അതിനാല്‍ പാകിസ്താനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബഹാവല്‍പുര്‍, മുരിഡ്‌കെ പോലെയുള്ള ഭീകരകേന്ദ്രങ്ങള്‍ ആഗോളഭീകരവാദത്തിന്റെ സര്‍വകലാശാലകളാണ്. 09/11 പോലെയുള്ള ലോകത്തെ എല്ലാ വലിയ ഭീകരാക്രമണങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അതിനാലാണ് ഇന്ത്യ ഭീകരരുടെ ആസ്ഥാനം തകര്‍ത്തത്. അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ തയ്യാറായിരുന്നു.
പക്ഷേ, ഇന്ത്യ പാകിസ്താന്റെ നെഞ്ചില്‍ തന്നെ ആക്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറും ഒരു പേരല്ല. ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നീതിയുടെ തകരാത്ത പ്രതിജ്ഞയാണ്. മെയ് ആറാം തീയതി അര്‍ധരാത്രിയും മെയ് ഏഴാം തീയതി രാവിലെയും ഈ പ്രതിജ്ഞ അതിന്റെ ഫലത്തിലെത്തുന്നത് ലോകംമുഴുവന്‍ കണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താന്‍ സൈന്യവും പാകിസ്താന്‍ സര്‍ക്കാരും ഭീകരവാദത്തെ വളര്‍ത്താന്‍ സഹായിക്കുന്നരീതി ഒരു ദിവസം പാകിസ്താനെ തന്നെ അവസാനിപ്പിക്കും. പാകിസ്താന് രക്ഷപ്പെടണമെങ്കില്‍ അവര്‍ ഭീകരവാദത്തിന് നല്‍കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കണം. കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരചടങ്ങുകളില്‍ പാകിസ്താന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തപ്പോള്‍ ആ വൃത്തികെട്ട സത്യം ലോകം കണ്ടു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന് ഇതിലും വലിയ തെളിവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് അവകാശവാദമുന്നയിക്കുന്ന അമേരിക്കയ്ക്കും മോദി പരോക്ഷമായി മറുപടി നല്‍കി.
പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെടുകയും കൂടുതല്‍ സൈനികനടപടിയുണ്ടാകില്ലെന്ന് പറയുകയുംചെയ്തതോടെയാണ് വെടിനിര്‍ത്തല്‍ പരിഗണിച്ചതെന്നായിരുന്നു മോദി വ്യക്തമാക്കിയത്. ''ഇന്ത്യയുടെ കടുത്ത നടപടിക്ക് പിന്നാലെ പാകിസ്താന്‍ രക്ഷപ്പെടാനുള്ള വഴികള്‍ തേടാന്‍ തുടങ്ങി. കനത്തപ്രഹരമേറ്റതോടെ സംഘര്‍ഷം കുറയ്ക്കണമെന്ന് പാകിസ്താന്‍ ലോകത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. കനത്ത പ്രഹരമേറ്റതോടെ പാകിസ്താന്‍ സൈന്യം മെയ് പത്താം തീയതി ഉച്ചയ്ക്കുശേഷം നമ്മുടെ ഡിജിഎംഒയെ ബന്ധപ്പെട്ടു. അപ്പോഴേക്കും ഭീകരരുടെ കേന്ദ്രങ്ങള്‍ വലിയതോതില്‍ തകര്‍ക്കുകയും ഒട്ടറെ ഭീകരരെ വധിക്കുകയുംചെയ്തിരുന്നു. അതിനാല്‍ കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സൈനികനടപടികള്‍ക്കും ധൈര്യം കാണിക്കില്ലെന്ന് പാകിസ്താന്‍ പറഞ്ഞപ്പോള്‍ ഇന്ത്യയും അത് പരിഗണിച്ചു'', മോദി വിശദീകരിച്ചു.
നമ്മുടെ സേനയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ ധീരസൈനികര്‍ അവരുടെ വീര്യം പ്രകടിപ്പിക്കുകയും വിജയിക്കുകയുംചെയ്തു. ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും ധീരമായ തീരുമാനങ്ങളെടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ തിരിച്ചടിക്കുമെന്നത് 'ന്യൂനോര്‍മല്‍' ആണ്. ആണവഭീഷണി വിലപ്പോകില്ല. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ആരായാലും എവിടെയായാലും വ്യത്യാസമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്താന്‍ രക്ഷപ്പെടാനായി പരക്കംപായുകയായിരുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നുവെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ് ഇന്ത്യ തകർത്തത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്. പാക് താവളങ്ങൾ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു. നൂർഖാൻ വ്യോമതാവളത്തിലെ തിരിച്ചടിയുടെ ദൃശ്യങ്ങളും റഹീമാ ഖാൻ വിമാനത്താവളത്തിന്റെ റൺവേ തകർത്തതിന്റെ ദൃശ്യങ്ങളും സേന പങ്കുവെച്ചു. ഇന്ത്യൻ എയർഫീൽഡ് സുരക്ഷിതമാണെന്ന് സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ ഫയർവാൾ തകർക്കാൻ പാകിസ്താന് സാധിച്ചില്ലെന്ന് എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞു. ഇന്ത്യ തകർത്ത ഡ്രോണുകൾ ചൈന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നുവെന്നും സേന അറിയിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലും സൈന്യം ആക്രമണം നടത്തിയെന്നും സ്ഥിരീകരിച്ചു. ഭീകരവാദികൾക്കുവേണ്ടി പാക് സൈന്യം ഇടപെടാൻ തീരുമാനിച്ചത് ഏറെ അപലപനീയമാണ്. ഇന്ത്യ പ്രതികരിക്കാൻ തീരുമാനിച്ചത് ഇതിനാലാണെന്നും എയർമാർഷൽ എ.കെ. ഭാരതി പറഞ്ഞു. പാക് സൈന്യത്തോടല്ല, ഭീകരരോടാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാക് സൈന്യം ഇടപെട്ട് ഭീകരർക്കുവേണ്ടി പോരാടാൻ തീരുമാനിക്കുകയായിരുന്നെന്നും അതേരീതിയിൽ പ്രതികരിക്കാൻ ഇന്ത്യൻ സേന നിർബന്ധിതരായെന്നും സേന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാക് ആക്രമണങ്ങളെ ശക്തമായി ചെറുത്തുവെന്ന് എയർമാഷൽ എ.കെ. ഭാരതി പറഞ്ഞു. പാകിസ്താൻ ഉപയോഗിച്ച നിരവധി ഡ്രോണുകളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ നാവികപ്രതിരോധ സേനയും ശക്തമായി തിരിച്ചടിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വിജയകരമായി ഉപയോഗിച്ചെന്നും സേന അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണ ജനങ്ങൾക്കും നാശനഷ്ടങ്ങൾ കുറയ്ക്കാൻ സേന ശ്രദ്ധിച്ചെന്നും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ പാകിസ്താനിലെ ആണവായുധ സംഭരണകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചെന്ന പ്രചാരണം തള്ളി സൈന്യം. കിരാന ഹിൽസ് പ്രദേശത്തുള്ള ആണവായുധകേന്ദ്രങ്ങൾ കഴിഞ്ഞദിവസം ഇന്ത്യൻ സൈന്യം ആക്രമിച്ചെന്നും ആണവച്ചോർച്ചയ്ക്ക് ഇത് വഴിവെച്ചെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കിരാന ഹിൽസിൽ ചില ആണവകേന്ദ്രങ്ങളുണ്ടെന്ന് പറഞ്ഞതിന് നന്ദിയുണ്ടെന്നും തങ്ങൾക്ക് അതിനെപ്പറ്റി അറിവില്ലെന്നും വ്യോമസേനയുടെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർജനറൽ എയർമാർഷൽ എ.കെ. ഭാർതി വ്യക്തമാക്കി. കിരാന ഹിൽസിൽ എന്തുണ്ടായാലും ഇന്ത്യ അവിടെ ആക്രമിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സർഗോധയിലെ മുഷാഫ് വ്യോമതാവളത്തോടുചേർന്നാണ് കിരാന ഹിൽസിൽ ഭൂമിക്കടിയിലുള്ള ആണവസംഭരണകേന്ദ്രമുള്ളത്. മിസൈൽ കവചിത ഡ്രോണുകളുപയോഗിച്ചാണ് ഇന്ത്യയുടെ പ്രഹരമെന്നാണ് പ്രചാരണം. സർഗോധ ജില്ലയിൽ പാക് പ്രതിരോധമന്ത്രാലയത്തിനുകീഴിൽ വരുന്നതാണ് കിരാന ഹിൽസ് എന്നറിയപ്പെടുന്ന പാറക്കൂട്ടങ്ങൾ. റാബ്വ, സർഗോധ പട്ടണങ്ങൾക്കിടയിലെ ബ്രൗൺനിറത്തിലുള്ള ഈ പാറക്കൂട്ടങ്ങൾ ‘കറുത്ത കുന്നുകൾ’ എന്നാണ് അറിയപ്പെടുന്നത്.
അതേ സമയം ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. വ്യാപാര സമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്ന് അദ്ദേഹം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവന ഇങ്ങനെയാണ്...
ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള അപകടകരമായ സംഘര്‍ഷം അവസാനിപ്പിക്കാനായി. ഞങ്ങള്‍ ഒരു ആണവസംഘര്‍ഷമാണ് അവസാനിപ്പിച്ചത്. ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്ന വളരെ മോശമായ ആണവയുദ്ധമാകുമായിരുന്നു. അതിനാല്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു'', ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളുടെ നേതൃത്വങ്ങളെയും ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. ഇന്ത്യയ്ക്കും പാകിസ്താനും ശക്തമായതും ദൃഢമായതുമായ നേതൃത്വമാണുള്ളത്. പക്ഷേ, രണ്ടുപേരും അചഞ്ചലരായിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി മനസിലാക്കാനുള്ള കരുത്തും വിവേകവും ധൈര്യവും അവര്‍ക്കുണ്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളുമായി നിലവില്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ വ്യാപാര ചര്‍ച്ചകളെക്കുറിച്ചും യുഎസ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യയുമായും പാകിസ്താനുമായും തങ്ങള്‍ നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും ഇപ്പോള്‍ ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഉടന്‍തന്നെ പാകിസ്താനുമായും വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇതിനിടെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.
https://www.facebook.com/Malayalivartha