വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങിനെ ചോദ്യം ചെയ്ത് സിബിഐ സംഘം...

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ (23) ജില്ലാ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ, ഐടി സംരംഭകനായിരുന്ന ഗൗതം വിജയകുമാറിനെ 8 വർഷം മുൻപു റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐയാണ് അന്വേഷിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് അമിത്തിനെ ചോദ്യം ചെയ്തത്. അമിത്തിനെ 3 മണിക്കൂർ ചോദ്യം ചെയ്യാനായി കോട്ടയം മജിസ്ട്രേട്ട് കോടതി മൂന്നിൽ തിരുവനന്തപുരം സിബിഐ യൂണിറ്റ് അപേക്ഷ നൽകിയിരുന്നു.
ഇതിൻ പ്രകാരം 2 മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. എഴുതിത്തയാറാക്കിയ ഇരുപതോളം ചോദ്യങ്ങളാണു സിബിഐ അമിത്തിനോടു ചോദിച്ചത്. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയലുകളുടെ പകർപ്പ് കഴിഞ്ഞ ദിവസം സിബിഐ ശേഖരിച്ചിരുന്നു. അപകടം നടന്ന റെയിൽവേ ക്രോസിലും സംഘം പരിശോധന നടത്തി. കോട്ടയം ജില്ലാ ജയിലിൽ എത്തി സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകളും സിബിഐ പോലീസിൽ നിന്നും ശേഖരിച്ചു. ചോദ്യം ചെയ്യൽ രണ്ടു മണിക്കൂറോളമാണ് നീണ്ടു നിന്നത്. 2017 ജൂൺ 3നാണ് ഗൗതമിനെ കരിത്താസ് റെയിൽവേ ക്രോസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം ആത്മഹത്യ എന്നായിരുന്നു പോലീസ് കണ്ടെത്തൽ. നഗരത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറും, ഭാര്യ ഡോ. മീരയും. 2017ൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ ബിസിനസ് സംരംഭകനായ മകൻ ഗൗതമിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, മകന്റെ മരണത്തിനു കാരണക്കാരായവരെ പുറംലോകത്തേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ കൊലപാതകങ്ങൾ അരങ്ങേറിയത്. ഇരുവരും കൊല്ലപ്പെട്ടതോടെ സിബിഐ ഏറ്റെടുത്ത ഗൗതമിന്റെ കേസിനു എന്ത് സംഭവിക്കുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.
https://www.facebook.com/Malayalivartha