വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ വിതുര ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡയുടെ മരണത്തിൽ ആൺസുഹൃത്ത് പിടിയിലായി. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ ആണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. കരാമയിൽ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് ഇരുപത്തിയാറുകാരിയായ ആനിമോൾ ഗിൽഡ.
സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മിൽ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കൾ പറയുന്നു. ഒന്നര വർഷം മുമ്പ് യുഎഇയിൽ എത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിൽ ജോലിചെയ്‌ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബുദാബിയിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്.
ഇവർക്കിടയിലെ അഭിപ്രായ വ്യത്യാസവും തർക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും.
കരമായ മത്സ്യമാർക്കറ്റിന് പിൻവശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ ഷെയറിങ് മുറിയിലായിരുന്നു ആനിമോൾ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയിൽ നിന്ന് ആനിമോളെ കാണാൻ എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ഇവിടെ വരാറുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിൻലാൽ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു.
തുടർന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിക്കൂടിയപ്പോഴേയ്ക്കും അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാർന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാർ കണ്ടത്.
ഉടൻ പൊലീസിൽ വിവരമറിയിക്കുകയും അബിൻ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. തുടർന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha