ഇന്നസന്റിന്റെ വേർപാടിൽ സങ്കടം നിയന്ത്രിക്കാനാകാതെ, പൊട്ടിക്കരഞ്ഞ് സത്യൻ അന്തിക്കാട്...ആശ്വസിപ്പിച്ച് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ..നഷ്ടപ്പെട്ടത് ഉറ്റ സുഹൃത്തിനെ...

ഇന്നസന്റിന്റെ വേർപാടിൽ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ് സത്യൻ അന്തിക്കാട്. ഇരിങ്ങാലക്കുടയുള്ള ഇന്നസന്റിന്റെ വസതിയിലായിരുന്നു സത്യൻ. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. സത്യൻ അന്തിക്കാട് സിനിമകളിലെ നിറസാനിധ്യമായിരുന്നു ഇന്നസന്റ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഇരിങ്ങാലക്കുടയുടെ പ്രിയപുത്രൻ ഇന്നസന്റിന്റെ ചേതനയറ്റ ശരീരം ഒടുവിൽ പിറന്ന മണ്ണിൽ തിരിച്ചെത്തി. വഴിനീളെ ഒട്ടനവധിപേർ ഒട്ടനവധി സ്ഥലങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചാണ് കാത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതം കെട്ടിപ്പടുത്ത മണ്ണിലെ ടൗൺഹാളിൽ ഇന്നസന്റ് ഉറങ്ങി കിടന്നു.
ഇരിങ്ങാലക്കുട ടൗൺഹാളിലും പരിസരത്തും സൂചികുത്താൻ ഇടമില്ലാത്തവിധം ജനനിബിഡമാണ്. അദ്ദേഹം അത്യാസന്ന നിലയിലായതുമുതൽ ഒപ്പമുണ്ടായിരുന്ന സിനിമയിലെ സഹപ്രവർത്തകർ ടൗൺഹാളിലും ഇന്നസെന്റിനു ഒപ്പമുണ്ട്. 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, സിദ്ദീഖ്, ദിലീപ് തുടങ്ങി നിരവധി നടീനടന്മാരാണ് അദ്ദേഹത്തെ അനുഗമിച്ച് ടൗൺഹാളിൽ എത്തിച്ചേർന്നത്. ചെറുപ്പം മുതൽ ഇന്നസെന്റിനെ നേരിട്ട് അറിയുന്ന ആളുകളാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ടൌൺ ഹാളിലേക്ക് എത്തുന്നത്.മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖരും ടൗൺ ഹാളിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. വൈകുന്നേരം അഞ്ചരയോടെ പൊതുദർശനം പൂർത്തിയാക്കി ഇന്നസെന്റിന്റെ ഭൗതിക ശരീരം സ്വവസതിയിലേക്ക് കൊണ്ടുപോകും.പൊതുദർശനത്തിനായി മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്.
ഇവിടത്തെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 5നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായൻ ലാൽ ജോസ്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 8 മുതൽ 11.30 വരെയായിരുന്നു ഇവിടെ പൊതുദർശനം. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയുംഅനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.
നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.
https://www.facebook.com/Malayalivartha






















