പൊട്ടിച്ചിരിച്ച് സുരേന്ദ്രന്‍... സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി എന്ന സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത് കെ സുധാകരന്‍; സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന്

കേരളത്തിന് പുറത്ത് മച്ചാ മച്ചാ കമ്പനിയും കേരളത്തിനകത്ത് കടിച്ച് കീറുന്ന ശത്രുക്കളുമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അതിനും മാറ്റം വന്നു. രാഹുല്‍ ഗാന്ധിയെ തൊട്ടപ്പോള്‍ ആദ്യം ചോദിക്കാനെത്തിയത് സിപിഎം നേതാക്കളാണ്. വിഡി സതീശന്‍ ആഞ്ഞടിച്ചപ്പോഴാണ് കേരളത്തില്‍ പണിപാളുമെന്ന് കരുതി നിലപാട് മാറ്റിയത്. ഇപ്പോഴിതാ സിപിഎമ്മിന്റെ സ്ത്രീകള്‍ക്ക് വേണ്ടി സാക്ഷാല്‍ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രസ്യമായി രംഗത്തെത്തി. 'സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍ ഇങ്ങനെയാണ്...
'സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ' എന്ന കെ .സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ല.
നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമര്‍ശത്തിനെ എതിര്‍ക്കാന്‍ ഭയമായിരിക്കാം. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് ? എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.
രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ആണെങ്കിലും ഈ വിഷയത്തില്‍ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണം.
അതേസമയം നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബി ജെ പിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ഡി സി സി ഇന്ന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സജീവ് ജോസഫ് എം എല്‍ എയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണെന്നും സതീശന്‍ ചൂണ്ടികാട്ടി.
മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എം സംസ്ഥാന സെക്രട്ടറിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുമ്പോഴും ബി ജെ പി - സംഘപരിവാര്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി ജെ പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















