മോദിയോടാണോടോ കളി... അയോഗ്യനാക്കിയാലും വേണ്ടില്ല അതിലൂടെ മുതലെടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റിയ അവസരമെന്ന് കരുതി കോണ്‍ഗ്രസ്; പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചകള്‍ക്ക് മേല്‍നോട്ട സമിതിക്ക് നീക്കം; 2024 തിരഞ്ഞെടുപ്പില്‍ വിശാലസഖ്യം ഇല്ലെന്ന് യച്ചൂരി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലുമില്ല. അതിനിടയ്ക്ക് അയോഗ്യത ഒരു യോഗ്യതയാക്കാനിരിക്കുകയാണ് രാഹുലും കൂട്ടരും. പിണറായി മുതല്‍ സകല പ്രതിപക്ഷ നേതാക്കളും രാഹുലിന് പിന്തുണ അറിയിച്ചു. ഇത് മുതലെടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റിയ അവസരമെന്ന് കരുതുകയാണ് കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ കക്ഷികളുമായി പാര്‍ലമെന്റിന് പുറത്തേക്കും സഹകരണം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കും. പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടിതല സമിതിക്കു രൂപം നല്‍കുന്നതു പരിഗണനയിലുണ്ടെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ആദ്യമായാണ് ഇത്തരമൊരു സമിതിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്.
രാഹുല്‍ അയോഗ്യനാക്കപ്പെട്ടതു തിരിച്ചടിയാണെങ്കിലും അതിന്റെ പേരില്‍ മമത ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നത് രാഷ്ട്രീയ നേട്ടമായി കോണ്‍ഗ്രസ് കാണുന്നു. രാഹുലിന്റെ ഏറ്റവും വലിയ വിമര്‍ശകരായിരുന്ന തൃണമൂല്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളില്‍ നിന്നുള്ള പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലും തൃണമൂല്‍ പങ്കെടുത്തു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ 14 കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസിനു വേണ്ടി കെ.സി.വേണുഗോപാലും തൃണമൂലിനായി ഡെറക് ഒബ്രയനുമാണ് ഒപ്പുവച്ചത്. തിരഞ്ഞെടുപ്പിനു മുന്‍പ് വിശാല പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെങ്കിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള പരസ്പര ധാരണ ഐക്യത്തിലേക്കുള്ള ആദ്യ ചുവടാകുമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു. പ്രതിപക്ഷ കക്ഷികള്‍ക്കു കരുത്തുള്ള വിവിധ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനത്തിലടക്കം ഇതിനായി കോണ്‍ഗ്രസിനു വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതിനു കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍, നിലവിലെ ഐക്യം അധികനാള്‍ നീളില്ലെന്നു പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ചത് അതിരുവിട്ട നടപടിയാണെന്നു വിലയിരുത്തിയുള്ള വിഷയാധിഷ്ഠിത, താല്‍ക്കാലിക പിന്തുണയാണ് തൃണമൂല്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഐക്യത്തിലേക്കും ധാരണയിലേക്കും അതു വളര്‍ത്തിയെടുക്കുക എളുപ്പമല്ല. ഇക്കാര്യങ്ങളില്‍ നിരന്തരം ചര്‍ച്ച നടത്താന്‍ കൂടി ലക്ഷ്യമിട്ടാണു സമിതിക്കു രൂപം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നത്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും സംസ്ഥാനതലത്തിലുള്ള ധാരണകളാണു രൂപപ്പെടുകയെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
മൂന്നാം മുന്നണിക്കായുള്ള നീക്കങ്ങള്‍ ഫലം കാണില്ല. സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ ധാരണകളാണ് 1996 ലും 2004 ലും മുന്നണി സര്‍ക്കാരിനു രൂപം നല്‍കിയത്. 2024 ലും അതുതന്നെ സംഭവിക്കും. ആന്ധപ്രദേശിലെ ഉള്‍പാര്‍ട്ടി പോരില്‍ ആരോപണവിധേയനായ ബി.വി. രാഘവുലു ഇപ്പോഴും പൊളിറ്റ് ബ്യൂറോ അംഗമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പിബി യോഗം പരിഹരിച്ചു. ആന്ധ്രയിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ പിബി കണ്ടെത്തിയിട്ടുണ്ട്. അവ ഉടന്‍ നടപ്പാക്കും.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്നു നോക്കട്ടെ. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയില്‍ അപ്പീല്‍ സാധ്യത നിലനില്‍ക്കുന്നു. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇതിനു ജനങ്ങള്‍ മറുപടി നല്‍കുമെന്നും യച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha






















