കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് നിർമാണം ഏപ്രിൽ മാസത്തിൽ തുടങ്ങും...

പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അവലോകനയോഗം കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് എന്നിവയുടെ നിർമാണം ഏപ്രിൽ മാസത്തിൽ ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
പാലിയേക്കര-എറവക്കാട് റോഡ് പണി പൂർത്തീകരിച്ചതായും ചെങ്ങാലൂർ - മണ്ണംപ്പേട്ട - മാവിഞ്ചോട് റോഡ്, പുതുക്കാട്-മണ്ണംപ്പേട്ട റോഡ്, കുറുമാലി - തൊട്ടിപ്പാൾ-മുളങ്ങ് റോഡ് എന്നിവയുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനം ആയി. വെണ്ടോർ വട്ടണാത്ര റോഡ്, കല്ലൂർ - തൃക്കൂർ റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാനും പൂച്ചിന്നിപാടം ചാത്തകുടം റോഡ് നവീകരണ പ്രവർത്തികൾക്കായി 2.4 കോടി രൂപയുടെ അനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു.
നിർദിഷ്ട മലയോര ഹൈവേയുടെ തൃക്കൂർ - വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ ഭൂമി ഫ്രീ സറണ്ടർ ചെയ്യുന്ന നടപടികൾ 90 ശതമാനത്തിൽ അധികമായി പൂർത്തീകരിച്ചതായും മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഫ്രീ സറണ്ടർ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ വാസികളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ഏപ്രിൽ മാസം 4ന് വിളിച്ചുചേർക്കുമെന്നും എംഎൽഎ അറിയിച്ചു.
യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ബൈജു, പുതുക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ബാബുരാജ്, മണ്ഡലം നോഡൽ ഓഫീസർ ആർ ശേഖർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൈനബ ഇ പി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റാബിയ പി പി, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ വാസുദേവൻ, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha























