രാജ്യാന്തര വിമാനത്താവളത്തിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു വടം പൊട്ടി ഹൈമാസ്റ്റ് ലൈറ്റ് പതിച്ച് കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം... മൂന്നു പേര്‍ക്ക് പരുക്ക്

രാജ്യാന്തര വിമാനത്താവളത്തിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു വടം പൊട്ടി ഹൈമാസ്റ്റ് ലൈറ്റ് പതിച്ച് കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്ക്. രണ്ടു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വേളി ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ഈന്തിവിളാകത്ത് 'ദിവ്യോദയ'ത്തില്‍ കെ.വി.അനില്‍കുമാറാണ് (50) മരിച്ചത്. ബിഡിജെഎസ് ജില്ലാ സെക്രട്ടറിയാണ് അനില്‍കുമാര്‍.യാത്രക്കാര്‍ കടന്നുപോകുന്ന ഭാഗമല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിമാനത്താവളത്തിലെ എന്‍ജിനീയറിങ് ജോലികളുടെ കരാര്‍ ചുമതലയുള്ള യുഡിഎസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ പത്തേകാലോടെ വിമാനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം നടന്നത്.
ലൈറ്റ് അഴിച്ച ശേഷം താഴേക്ക് ഇറക്കുന്നതിനിടെ ഇരുമ്പുവടം പൊട്ടി താഴെ നിന്ന തൊഴിലാളികളുടെ മുകളില്‍ പതിക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ പാനല്‍ തലയില്‍ പതിച്ച തത്ക്ഷണം അനില്‍കുമാര്‍ മരിച്ചു.
ഒപ്പമുണ്ടായിരുന്ന നോബിള്‍, രഞ്ജിത്, കമറുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. നോബിളും രഞ്ജിത്തും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. താടിയെല്ലിനു പരുക്കേറ്റ കമറുദ്ദീനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
അപകടമുണ്ടായ ഉടന്‍ വിമാനത്താവളത്തിലെ ആംബുലന്‍സില്‍ നാലു പേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഭാര്യ: നിഷ. മക്കള്‍ ദിവ്യ (ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി, മാര്‍ത്താണ്ഡം), ദയ (9ാം ക്ലാസ് വിദ്യാര്‍ഥിനി, കോട്ടണ്‍ഹില്‍ ഗവ.ജിഎച്ച്എസ്എസ്). അനില്‍കുമാറിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടത്തറ എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കരിക്കും. വലിയതുറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 6 മാസം മുന്‍പാണ് അനില്‍കുമാര്‍ കമ്പനിയിലെത്തിയത്.
https://www.facebook.com/Malayalivartha























