ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മുറിച്ചെടുത്ത ശേഷം പകരം മുക്കുപണ്ടമണിയിച്ച ചെറുമകന്‍ അറസ്റ്റില്‍

ഹരിപ്പാട് വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകന്‍ പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനില്‍ സുധീഷാ(26)ണ് അറസ്റ്റിലായത്.
11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നു പോലീസ് .ഒട്ടേറെ കേസുകളില്‍ പ്രതിയാണു സുധീഷ്. ചെറുമകനാണ് മാല മോഷ്ടിച്ചതെന്ന് അമ്മൂമ്മ അറിഞ്ഞിരുന്നില്ല. മാല മോഷണംപോയെന്നു പറഞ്ഞ് ഇവര്‍ പോലീസിനെ സമീപിച്ചു.
സുധീഷിന്റെയും അമ്മൂമ്മയുടെയും വീടുകള്‍ അടുത്തടുത്താണ്. അമ്മൂമ്മയുടെ മാലയോടു സാമ്യമുള്ള മുക്കുപണ്ടം തരപ്പെടുത്തിയശേഷം ജനുവരി 26-നു രാത്രി സുധീഷ് ഭാര്യയെ അമ്മൂമ്മയുടെ വീട്ടില്‍ കിടത്തി.
അതിനുശേഷം രാത്രി ഒരു മണിയോടെ ഭാര്യ മുറി തുറന്നുകൊടുത്തെന്നും സുധീഷെത്തി സ്വര്‍ണമാല മുറിച്ചെടുത്തശേഷം മുക്കുപണ്ടം അണിയിച്ചെന്നുമാണ് പോലീസ് പറയുന്നത്. മാലയുടെ നിറത്തില്‍ സംശയം തോന്നിയ അമ്മൂമ്മ അടുത്ത ദിവസം ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി.
ആ പരാതിയില്‍ ബന്ധുക്കളും അയല്‍ക്കാരുമടക്കം പലരെയും പോലീസ് ചോദ്യം ചെയ്തു. സംഭവം നടന്നതിന്റെ അടുത്തദിവസം സുധീഷും ഭാര്യയും ഓട്ടോറിക്ഷയില്‍ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ടായിരുന്നു.
രണ്ടു പേരും ഹരിപ്പാട്ടെ സ്വര്‍ണക്കടയില്‍ എത്തിയതിന്റെ തെളിവും ലഭിച്ചു. തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. ഹരിപ്പാട്ടെ കടയില്‍ ഇവര്‍ വിറ്റ സ്വര്‍ണമാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha























