എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം... നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂര്‍ എംപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ഉള്ളില്‍ നിന്ന് ശക്തിപ്പെടുത്താനായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മതേതര നിലപാടുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ബിജെപി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. അതിലെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സതീശന്‍ തുറന്നടിച്ചു.
കോണ്‍ഗ്രസിന് പ്രഹരം നല്‍കിയാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്‌കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്റണി പരിഹസിച്ചു.
പാര്‍ട്ടി അംഗമായ അനില്‍ ആന്റണി പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചു. അനിലിന് ഏത് പദവി നല്‍കും എന്നതിലടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും. ദേശീയ തലത്തില്‍ പരിഗണിക്കാന്‍ ആലോചനകളുണ്ടെങ്കിലും, ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ പരിഗണനയിലുണ്ട്.
മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാന്‍ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ഗാന്ധി കുടുംബമാണ്. മരണം വരെയും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എത്രനാള്‍ ജീവിച്ചിരുന്നാലും താന്‍ ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























