നാലാം ക്ലാസ്സുകാരന്റെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഏഴുപേരുടെ ജീവന്‍

നാലാം ക്ലാസ്സുകാരന്റെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഏഴുപേരുടെ ജീവന്‍. മരുതോങ്കരയിലെ നിടുവാല്‍ മാവുള്ളചാലില്‍ അനയ് രതീഷിന് (9) നാടിന്റെ ആദരം. അവസരോചിതമായി ഇടപെട്ട് വന്‍ ദുരന്തം ഒഴിവാക്കിയ അനയ് രതീഷിന് മരുതോങ്കര ഡ്രൈവേഴ്‌സ് കൂട്ടായ്മ അനുമോദിച്ചു.
മാര്‍ച്ച് 31ന് രാത്രി 11.30ന് മരുതോങ്കര ഗവ. എല്‍പി സ്‌കൂള്‍ 4-ാം ക്ലാസ് വിദ്യാര്‍ഥിയായ അനയ് രതീഷ് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ കഴിഞ്ഞു മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം കാറില്‍ നീറ്റുക്കോട്ടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. പിതാവ് രതീഷാണ് വണ്ടി ഓടിച്ചിരുന്നത്.
വണ്ടിയുടെ പിന്‍ സീറ്റില്‍ ഉണ്ടായിരുന്ന ഒരാളെ മരുതോങ്കര അംബേദ്കര്‍ കോളനി റോഡിലെ കയറ്റത്തിന് മുകളില്‍ ഇറക്കാന്‍ വേണ്ടി വണ്ടി നിര്‍ത്തി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങിയ രതീഷ് വണ്ടിയുടെ നടുവിലത്തെ സീറ്റ് പൊക്കി പിന്‍സീറ്റില്‍ ഇരുന്നയാള്‍ക്ക് ഇറങ്ങാന്‍ സൗകര്യം ഒരുക്കുന്നതിനിടെ എങ്ങനെയോ വണ്ടി പിന്നോട്ട് നീങ്ങുകയായിരുന്നു.
നിയന്ത്രിക്കാനാകാതെ വണ്ടി പിന്നിലെ ഇറക്കത്തിലേക്ക് കുതിച്ചു. വണ്ടിയിലുണ്ടായിരുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ വാവിട്ടു കരഞ്ഞപ്പോള്‍ പിന്‍സീറ്റില്‍ നിന്നും സീറ്റിന് മുകളിലൂടെ ഡ്രൈവര്‍ സീറ്റിലേക്ക് ചാടി വീണ അനയ് വണ്ടിയുടെ ബ്രേക്ക് ചവിട്ടുകയും ഹാന്‍ഡ് ബ്രേക്ക് കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു.
എന്നിട്ടും വണ്ടി നില്‍ക്കാതെ വന്നപ്പോള്‍ വലത് ഭാഗം കൊക്കയാണെന്നു മനസ്സിലാക്കിയ കുട്ടി വണ്ടിയുടെ സ്റ്റിയറിങ് തിരിച്ച് ഇടതു ഭാഗത്തെ പറമ്പിലേക്ക് കയറ്റി സുരക്ഷിതമാക്കി നിര്‍ത്തുകയായിരുന്നു. 3 കുട്ടികള്‍ അടക്കം കാറില്‍ ഉണ്ടായിരുന്ന 7 പേരും സുരക്ഷിതരായി പുറത്തിറങ്ങി. അമ്മ അശ്വതി, സഹോദരങ്ങളായ ആത്മിയ, ആദിയ എന്നിവരും ബന്ധുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























