ബിഷപ്പേ ചതിക്കല്ലേ... റബ്ബറിന് 300 രൂപയാക്കൂ, ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്ന തലശ്ശേരി ബിഷപ്പിന്റെ വാക്ക് വെറും വാക്കല്ല; സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യാന്‍ മടിയെങ്കില്‍ അനില്‍ ആന്റണിയ്ക്ക് ചെയ്യാമല്ലോ; അനില്‍ ആന്റണി ജയിച്ചാല്‍ കേന്ദ്ര മന്ത്രിസ്ഥാനം പോലും നല്‍കുമെന്നുറപ്പ്

ഒരു മാസം മുമ്പ് അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല. തലശ്ശേരി ബിഷപ്പ് ആദ്യം പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഒരു കൂട്ടം തിരുമേനിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റും കാണുന്നു. തൊട്ടടുത്ത ദിവസം അനില്‍ ആന്റണി ബിജെപിയില്‍. എല്ലാം കൊണ്ടും സാഹചര്യം അനുകൂലം.
റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നാണ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
ഇതിനിടെയാണ് അനില്‍ ആന്റണിയുടെ രംഗപ്രവേശനം. മുതിര്‍ന്ന നേതാവ് പീയുഷ് ഗോയല്‍ അടക്കം കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അനിലിനെ സ്വാഗതം ചെയ്യാനെത്തിയതും ന്യൂനപക്ഷ സമ്പര്‍ക്ക പരിപാടിക്കു ബിജെപി നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്. പെസഹ ദിനത്തില്‍ത്തന്നെ അനില്‍ ആന്റണി കൂടെ വന്നത് ആഹ്ലാദകരമാണെന്നു മുരളീധരന്‍ എടുത്തു പറഞ്ഞതും ക്രിസ്ത്യന്‍ സമുദായത്തിനുള്ള സന്ദേശമാണ്.
ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ മകന്‍ വരെ ബിജെപിയില്‍ ചേര്‍ന്നുവെന്നത് കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാടുകളെ ദുര്‍ബലപ്പെടുത്തുമെന്നു പാര്‍ട്ടി വിലയിരുത്തുന്നു. നേരത്തേ ഇടതുപക്ഷം വിട്ടു പോയ അല്‍ഫോന്‍സ് കണ്ണന്താനം, കോണ്‍ഗ്രസ് വിട്ട ടോം വടക്കന്‍ എന്നിവരെ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള പുതിയ ഇടപെടലുകളില്‍ പാര്‍ട്ടി സജീവമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതതു പാര്‍ട്ടികളില്‍ വഹിച്ചിരുന്ന പദവിയനുസരിച്ചാണ് ബിജെപി സാധാരണ ചുമതലകള്‍ നല്‍കാറുള്ളത്. അനില്‍ ആന്റണിയെ കേരളത്തില്‍ പാര്‍ട്ടിയുടെ ചുമതലകളിലേക്ക് ഇറക്കുമോ എന്നതു കണ്ടറിയേണ്ട കാര്യമാണ്. ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മടക്കയാത്ര നീട്ടിവച്ചതും അനിലിന്റെ പാര്‍ട്ടി പ്രവേശനത്തിനു വേണ്ടിയാണ്.
കോണ്‍ഗ്രസില്‍ സമൂഹമാധ്യമ സെല്ലിന്റെ ഭാഗമായിരുന്നതിനപ്പുറത്തുള്ള രാഷ്ട്രീയ പരിചയമില്ലാത്ത അനിലിനെ ബിജെപിയുടെ സമൂഹ മാധ്യമ വിഭാഗത്തില്‍ ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. ഇന്നലെ അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേരുന്ന സദസ്സിലുണ്ടായിരുന്ന ഉന്നത നേതാക്കളിലൊരാള്‍ ഉചിതമായ പരിഗണന അനിലിനു ലഭിക്കുമെന്നതിനപ്പുറമൊന്നും പറയാന്‍ തയാറായില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണെന്നും അതിനൊപ്പം നില്‍ക്കേണ്ടത് രാജ്യത്തെ യുവാക്കളുടെ കടമയാണെന്നും അനില്‍ ആന്റണി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ ശരാശരി നോക്കിയാല്‍ കൂടുതലും 30 വയസ്സില്‍ താഴെയുള്ളവരാണ്. രാജ്യത്തെ എല്ലാ വിഭാഗക്കാരെയും ഒരുപോലെ പരിഗണിക്കുന്ന നരേന്ദ്രമോദി ആഗോളതലത്തിലും അനിഷേധ്യ നേതാവാണ്. അത്തരമൊരാള്‍ നയിക്കുന്ന ബിജെപിക്കു മാത്രമേ രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവൂ.
പാര്‍ട്ടി എന്തു സ്ഥാനങ്ങള്‍ നല്‍കുമെന്നു നോക്കിയല്ല ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമോ എന്നതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. രാജ്യതാല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം അനില്‍ പറഞ്ഞു. അമിത് ഷാ അടക്കമുള്ള മറ്റു നേതാക്കളെയും അനില്‍ പ്രകീര്‍ത്തിച്ചു. 'ധര്‍മോ രക്ഷതി രക്ഷതഃ' എന്ന ഗീതാവാക്യമുദ്ധരിച്ചാണ് അനില്‍ തന്റെ പ്രസ്താവന തുടങ്ങിയത്.
എന്തായാലും അനില്‍ ആന്റണി അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ജയിച്ചാല്‍ ന്യൂനപക്ഷത്ത് നിന്നുള്ള പ്രതിനിധിയായി കേന്ദ്ര മന്ത്രിയും ആക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha

























