സ്വര്‍ണക്കളളക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കെ.ടി. റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ ഒത്താശയോടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ കെ.ടി. റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളം വഴി പന്ത്രണ്ട് തവണ സ്വര്‍ണംകള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തല്‍. റമീസിന്റെയും കേസിലെ മറ്റ് പ്രതികളുടെ മൊബൈല്‍ഫോണുകളില്‍ നിന്നും കള്ളക്കടത്തിന്റെ ഗൂഡാലോചന വ്യക്തമാക്കുന്ന തെളിവുകളും ഇഡി സമാഹരിച്ചിട്ടുണ്ട്.
റിമാന്‍ഡില്‍ കഴിയുന്ന റമീസിനെ അടുത്ത ദിവസം ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് റമീസിനെ ഇഡി അറസ്റ്റ് ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലെ ബുദ്ധികേന്ദ്രം റമീസാണെന്നാണ് കണ്ടെത്തല്‍. കേസിലെ മറ്റൊരു പ്രതി സന്ദീപുമായി അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വര്‍ണം കടത്തിന് സുരക്ഷിത മാര്‍ഗമായി നയതന്ത്ര ചാനലിനെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച റമീസ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരായ സ്വപ്നയെയും സരിത്തിനെയും പരിചയപ്പെടുന്നത് സന്ദീപ് വഴിയാണ്.
കടത്തുന്ന ഓരോകിലോ സ്വര്‍ണത്തിനും ആയിരം യുഎസ് ഡോളര്‍ കോണ്‍സുലേറ്റ് ജനറലിനും സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവര്‍ക്ക് അന്‍പതിനായിരം രൂപയും റമീസ് കോഴ വാഗ്ദാനം ചെയ്തു. നയതന്ത്ര ബാഗിന്റെ മറവില്‍ പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍.ഇത്തരത്തില്‍ കടത്തിയ മുപ്പത് കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനതാവളത്തില്‍ കസ്റ്റംസ് പിടികൂടിയതാണ് കേസിനാദാരം.
നിക്ഷേപകരെ ഏകോപിപ്പിച്ച് കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് റമീസാണെന്നതിന് വ്യക്തമായ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സിപിഎം കമ്മിറ്റിയെന്ന പേരില്‍ ടെലഗ്രാമില്‍ ഗ്രൂപ്പും റമീസ് രൂപീകരിച്ചിരുന്നു. ഹവാലമാര്‍ഗം പണം വിദേശതെത്തിച്ചാണ് റമീസ് ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























