തിരുവനന്തപുരത്ത് 3 ലക്ഷത്തിന് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ... തമ്പാനൂർ പൊലീസാണ് പിടിച്ചത്

തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് അഞ്ജുവിനെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി ലാലിക്ക് എതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
തലസ്ഥാനത്തെ ഏറ്റവും പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ തൈക്കാട് ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് നവജാത ശിശുവിന്റെ വിൽപ്പന അരങ്ങേറിയത്. കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ചയുടനെ വിൽപ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. പെൺകുട്ടിയെ നാലാം ദിവസം ആശുപത്രിയിൽ വച്ചു തന്നെ വിൽക്കുകയായിരുന്നു.
കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാക്കിയതും. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും യഥാർത്ഥ അമ്മയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഇടപാടിന് ഇടനില നിന്ന യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് നെടുമങ്ങാട് പുല്ലമ്പാറ ചുള്ളാളം ആയിരവല്ലി ശിവ ക്ഷേത്രത്തിന് സമീപം റോഡരികത്ത് പുത്തൻകരവീട്ടിൽ ജിത്തു(27)വിനെ ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നവജാത ശിശുവിനെ അമ്മയിൽ നിന്നു വിലയ്ക്കു വാങ്ങിയ കേസിലെ പ്രതിയായ യുവതിക്കു മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബാലനീതി നിയമത്തിലെ 75, 80, 81 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
https://www.facebook.com/Malayalivartha























