വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

വാണിയംകുളത്ത് നിന്നും ആറ് ദിവസമായി കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം ഉപേക്ഷിക്കുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരളത്തില്‍ നിന്ന് കര്‍ണാടക അതിര്‍ത്തിയിലേക്ക് വാഹനം കടന്നതായും തിരികെ വാഹനം കേരളത്തിലേക്ക് എത്തിയതായും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായി കണ്ടെത്തി. ഇവര്‍ക്ക് രണ്ട് പിക്കപ്പ് വാഹനങ്ങളാണ് ഉള്ളത്. ഒന്ന് വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. മൂവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവര്‍ ലൊക്കേഷന്‍ വീടിന് സമീപത്താണ് ലഭിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വമേധയാ മാറിനില്‍ക്കുകയാണോ എന്നതടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.
കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ വാഹനത്തില്‍ ബാബു ഭാസ്‌കറും ഭാര്യ രമാദേവിയും മകന്‍ വിഷ്ണുവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തിരിച്ച് വാഹനം കേരളത്തില്‍ ഉപേക്ഷിക്കുമ്പോള്‍ വിഷ്ണു മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എങ്ങോട്ട് പോയി, അച്ഛനും അമ്മയും എവിടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിലുള്ള അന്വേഷണ സ്‌ക്വാഡിന് പുറമേ മറ്റൊരു സ്‌ക്വാഡ് കൂടി രൂപീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വാണിയംകുളം സ്വദേശികളായ മൂവരെയും കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് അയല്‍വാസികളോട് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ബന്ധുവീടുകളില്‍ എവിടെയും അത്തരമൊരു ചടങ്ങ് നടന്നിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. കുടുംബത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ ബന്ധുക്കള്‍ ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























