ലഹരി ആരും ആരുടേയും വായ്ക്കകത്ത് കുത്തിക്കയറ്റിത്തരില്ല...ഒരുത്തൻ നശിക്കണമെന്ന് തിരുമാനിച്ചാൽ അവൻ നശിക്കും....മകന് ഒരു തീരുമാനവും ബോധവും ഉണ്ടെങ്കിൽ അവൻ അത് ഉപയോഗിക്കില്ലല്ലോ; ഇത് ഞാൻ ഉപയോഗിക്കില്ല...ടിനി ടോമിന്റെ പരാമർശത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ...

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. രണ്ടു യുവതാരങ്ങൾക്ക് സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിനിമ സംഘടനകൾ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലെ ചില പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചകൾക്ക് കാരണമായത്. മുൻപും ഇതുപോലെ ചർച്ചകൾ സജീവമായിട്ടുണ്ടായിരുന്നെങ്കിലും കാര്യമായ നടപടികളിലേക്ക് ഒന്നും പോയിരുന്നില്ല. വീണ്ടും ഈ വിഷയം ചർച്ചയാകുമ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്.ഒപ്പം തന്നെ നിർമ്മാതാക്കളും സംവിധായകരും താരങ്ങളും വരെ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടൻ ബാബുരാജ് ഇതിൽ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് ടിനി ടോം പറഞ്ഞതും വലിയ വാർത്തയായി മാറിയിരുന്നു. മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമാണ് ടിനി പറഞ്ഞത്.
ഇപ്പോഴിതാ, ടിനി ടോമിന്റെ പരാമർശത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും ആരുടേയും വായ്ക്കകത്ത് കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമാണ് ധ്യാൻ പറഞ്ഞത്.സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് താൻ പറഞ്ഞു കേട്ടിട്ടേ ഉള്ളുവെന്നും നേരിൽ കണ്ടിട്ടില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നുണ്ട്.'ഒരുത്തൻ നശിക്കണമെന്ന് തിരുമാനിച്ചാൽ അവൻ നശിക്കും. മകന് ഒരു തീരുമാനവും ബോധവും ഉണ്ടെങ്കിൽ അവൻ അത് ഉപയോഗിക്കില്ലല്ലോ. ഇത് ഞാൻ ഉപയോഗിക്കില്ല. ഇത് മോശം സാധനമാണെന്ന് അവന് ആലോചിക്കാമല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ലല്ലോ. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കിൽ അവൻ അത് ഉപയോഗിക്കില്ല. അത്രയേ ഉള്ളൂ', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.കേരള സർവകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലായിരുന്നു ടിനി ടോം മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാമർശം നടത്തിയത്.
തന്റെ മകന് മലയാള സിനിമയിൽ ഒരു പ്രമുഖ നടന്റെ മകനായിട്ട് അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ഭയം മൂലം ഭാര്യ അവനെ വീട്ടിലെന്നാണ് ടിനി ടോം പറഞ്ഞത്.സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു','ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ല് പൊടിയും. അതുകൊണ്ടു കലയാകണം നമുക്ക് ലഹരി,' എന്നായിരുന്നു വേദിയിലെ ടിനി ടോമിന്റെ വാക്കുകൾ.
അതേസമയം, അഭിമുഖങ്ങളിലൊക്കെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ആളാണ് ധ്യാൻ. നേരത്തെ അഭിമുഖങ്ങളിൽ താൻ ലഹരി ഉപയോഗിച്ചിരുന്നതായി ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പൂർണമായും അതെല്ലാം താൻ ഒഴുവാക്കിയെന്നാണ് നടൻ പറഞ്ഞത്.ഏതായാലും ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇനി മുതൽ സിനിമ സെറ്റുകളിൽ ഷാഡോ പോലീസിന്റെ സാനിധ്യം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്..
https://www.facebook.com/Malayalivartha























