ഫോൺ ലൊക്കേഷൻ പരിശോധിച്ചെത്തുന്ന പോലീസിനെ കബളിപ്പിക്കാൻ ബോട്ടുടമയുടെ ശ്രമം: നാസർ ഒളിവിൽ പോയത് ഫോൺ സഹോദരന് കൈമാറിയ ശേഷം: സഹോദനും സംഘവും എറണാകുളത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിൽ: പോലീസ് ചോദ്യം ചെയ്യുന്നു...

താനൂർ ദുരന്തത്തിന് കാരണമായ ബോട്ട് ഉടമയുടെ കാർ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉടമ നാസറിന്റെ കാറാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്. എന്നാൽ നാസർ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ വ്യക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽനിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തു. ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തുന്ന പോലീസിനെ കബളിപ്പിക്കുകയായിരുന്നോ ഇയാളുടെ ലക്ഷ്യം എന്ന് സംശയിക്കുന്നു.
നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നേടാനുള്ള നീക്കമാണ് നാസര്‍ നടത്തുന്നതെന്നാണ് വിവരം. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha

























