വിവാഹത്തിന് മുമ്പ് ഗർഭിണിയായി: വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകും: ഇടുക്കിയിൽ കമിതാക്കൾ നവജാത ശിശുവിനെ കൊലപ്പെടുത്തി

ഇടുക്കി കമ്പംമേട്ടില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം. ജനിച്ചയുടന്‍ കുഞ്ഞിനെ അന്യസംസ്ഥാന തൊഴിലാളികളായ കമിതാക്കൾകഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവരാണ് പ്രതികൾ. കമ്പംമെട്ടിൽ ദമ്പതികളെന്ന വ്യാജേനയാണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കൾക്ക് കുഞ്ഞ് പിറന്നത്. ജനിച്ചയുടൻ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ദുരഭിമാനക്കൊലയാണെന്നാണ് സൂചന. വിവാഹത്തിന് മുൻപ് ജനിച്ച കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
അടുത്തമാസം വിവാഹിതരാകാനായിരുന്നു തീരുമാനം. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാൽ തങ്ങളെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് കൃത്യം നടത്തിയതെന്നാണ് സാധുറാം പൊലീസിനോട് പറഞ്ഞത്. നാട്ടില്‍വെച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടം തൊഴിലാളിയായി വരികയായിരുന്നു.
ഒരു എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തുള്ള ശുചിമുറിയില്‍വെച്ചാണ് കുഞ്ഞിന് ജന്മംനല്‍കിയത്. അവിടെവെച്ചുതന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, കുട്ടി മരിച്ചതായി നാട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നുതന്നെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























