സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കും...പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം

ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പി ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പി ജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക, ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടൂള്ളു. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരെ മാത്രമേ അനുവദിക്കൂവെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എ ഒ പി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കുകയും റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും ചെയ്യും. അടിയന്തരമായി ഇതിനായി ഡി എം ഇ സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























