പറയാനുള്ളത് മുഖത്ത് നോക്കി പറയണം; എന്ത് പറഞ്ഞാലും കേൾക്കാത്ത കൂട്ടരാണ് തങ്ങളെക്കുറിച്ച് എഴുതുന്നത്; തന്റെ ശബ്ദം അടിച്ചമർത്താനാകില്ല; ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്; ജനങ്ങളോടാണ് കോടതിക്ക് ഉത്തരവാദിത്വമുള്ളത്; തുറന്നടിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

താനൂർ ബോട്ടപകട വിഷയത്തിലും യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട വിഷയത്തിലും സർക്കാരിനും പോലീസിനുമെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ വലിയ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും താൻ വക വയ്ക്കില്ല എന്ന നിലപാടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി പോലും സൈബർ ആക്രമണത്തിന് ഇരയായതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷമായ പരാമർശം നടത്തി. പറയാനുള്ളത് മുഖത്ത് നോക്കി പറയണം എന്ത് പറഞ്ഞാലും കേൾക്കാത്ത കൂട്ടരാണ് തങ്ങളെക്കുറിച്ച് എഴുതുന്നത്.
തന്റെ ശബ്ദം അടിച്ചമർത്താനാകില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്. ജനങ്ങളോടാണ് കോടതിക്ക് ഉത്തരവാദിത്വമുള്ളത്. ചീത്ത വിളിക്കുന്നവർക്ക് അത് തുടരാമെന്നും അത് കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു സർക്കാരിന് ഇല്ലാത്ത സങ്കടമാണ് പലർക്കും, സിസ്റ്റം പരാജയപ്പെട്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു. കോടതി മൗനിയാകണോ? ഒരു കുടുംബത്തിലെ 11 പേർ മരിച്ചാലും മിണ്ടാതിരിക്കണോ എന്നും കോടതി ചോദിച്ചു. ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്തതിലാണ് ചിലർക്ക് വിഷമം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുമ്പോൾ സർക്കാർ നോക്കി നിൽക്കുകയാണെന്നും കോടതി വിമർശിച്ചു.
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ എന്ന വളരെ നിർണായകമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കോടതിക്കു നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി നിർണായകമായ ചോദ്യം ഉന്നയിച്ചത്. വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും കോടതി വ്യക്തമാക്കി. വക്കീലന്മാരും സൈബർ അക്രമണത്തിൽ ഇരയാകുന്നുവെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























