മെഡിക്കല്‍ സ്‌റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി

ഇടുക്കി ചെറുതോണിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായെതെന്നാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പുതിയ കാര്‍ ലൈജു വാങ്ങിയത്. പ്രതികള്‍ ലൈജുവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോറിന് എതിര്‍ ഭാഗത്തെ റോഡില്‍ ഇവര്‍ ഒരു മണിക്കൂറിലധികം കാത്തു നിന്നതിന്റെയും വാഹനത്തെ പിന്‍തുടരുന്നതിന്റെയും ദൃശ്യങ്ങളും കിട്ടി. ഇടുക്കി ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന് ഇടയായ സാഹചര്യവും പൊലീസ് അന്വേഷിച്ചു വരുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് വരികയാണ്. നീല നിറത്തിലുള്ള പള്‍സര്‍ ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചെറുതോണി സ്വദേശി ലൈജുവിനായിരുന്നു കഴിഞ്ഞ ദിവസം രാത്രി ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. ചെറുതോണി ടൗണിലെ മരിയ മെഡിക്കല്‍ ഷോപ്പുടമ ലൈജുവിന്റെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് രാവിലെ എപ്പോള്‍ കടതുറക്കും എന്ന് ചോദിച്ചു. എട്ടു മണിക്ക് തുറക്കുമെന്ന് മറുപടി പറഞ്ഞു.
എന്നാല്‍ ഇനി മെഡിക്കല്‍ ഷോപ്പ് തുറക്കേണ്ട എന്നു പറഞ്ഞ് ബൈക്കിനു പുറകിലിരുന്നയാള്‍ കയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്നും ആസിഡ് ഒഴിച്ചുവെന്നാണ് ലൈജു പറഞ്ഞത്. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജു കേലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്തിനടുത്തള്ള വീടിനു മുന്‍പില്‍ കാര്‍ നിര്‍ത്തിയ ലൈജുവിനെ വീട്ടിലുള്ളവരാണ് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha
























