സംസ്ഥാനത്തിന്റെ വായ്പപരിധി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍... പുതുക്കിയ കണക്കുകള്‍ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തില്‍ ലഭിക്കുക; ഇതിനോടകം 2,000 കോടി വായ്പയെടുത്തു കഴിഞ്ഞു

സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍ നിന്ന് 8,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതോടെ ദൈനംദിന ചിലവുകള്‍ക്ക് അടക്കം സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ കണക്കുകള്‍ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തില്‍ ലഭിക്കുക. വിവിധ ആവശ്യങ്ങള്‍ക്കായി ഇതിനോടകം തന്നെ 2,000 കോടി വായ്പയെടുത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തിന് കനത്ത തിരിച്ചടിയാണ്.
വായ്പ എടുക്കാനാവുന്ന തുകയെക്കുറിച്ചുള്ള വിവരം എത്രയാണെന്ന് കേന്ദ്രത്തോട് കേരളം നേരത്തെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പോള്‍ അറിയിച്ചിരുന്ന 32,440 കോടിയില്‍ നിന്ന് വന്‍ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇപ്പോഴുള്ള വായ്പാ പരിധിയായ 15,390 കോടിയില്‍ നിന്ന് 2,000 കോടി രണ്ട് മാസത്തെ പെന്‍ഷന്‍, ശമ്പളം എന്നീ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തിരുന്നു. ഇതോടെ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് എടുക്കാവുന്ന വായ്പ 13,390 രൂപയായി ചുരുങ്ങി.
കഴിഞ്ഞ വര്‍ഷം വായ്പയിനത്തില്‍ 23,000 കോടി ലഭിച്ച സ്ഥാനത്ത് വായ്പ പരിധി വെട്ടിക്കുറച്ചത്, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചേക്കുമെന്നാണ് വിവരം. നികുതി വര്‍ദ്ധന പ്രാബല്യ ത്തില്‍ വന്നത് മൂലം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും ദൈനം ദിന ചിലവുകള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനത് പ്രാപ്തമല്ല എന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























