പണമുള്ളവര്‍ ഉണ്ടാല്‍ മതി... ഒരുനേരം വിശപ്പ് തണുപ്പിക്കാന്‍ കുറഞ്ഞത് 100 രൂപ വേണം; ഹോട്ടലുകളുടെ കൊള്ളയ്‌ക്കെതിരെയുള്ള ബില്ല് ഉടന്‍ പാസാക്കേണ്ടെന്ന് സര്‍ക്കാര്‍; നിരാശയോടെ അനുപമ

ഒരു മസാല ദോശ 70 രൂപ; 3 പൂരി 60, വട 10, കോഫി 15, ചായ 12, ഊണ് 75 രൂപ മുതല്‍. ഇതാണ് ഒരു ഇടത്തരം ഹോട്ടലിലെ വില നിലവാരം. ഹോട്ടലിന്റെ നിറം മാറുന്നതോടെ വില കുതിച്ചുയരും. മലയാളിക്ക് ഒരു നേരം വയറ് കാല്‍ ഭാഗം നിറയണമെങ്കില്‍ ഇതാണവസ്ഥ.
ഹോട്ടലുകളുടെ വില തട്ടിപ്പിനെതിരെയും ഗുണനിലവാരമില്ലാത്തതിനെതിരേയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.എന്‍. അനുപമ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു. ശക്തമായ ഹോട്ടല്‍ ലോബിക്ക് മുമ്പില്‍ വിശപ്പിന്റെ വിളി ആരും കേട്ടില്ല. ബാറുകാരെ പിണക്കിയതിന്റെ ക്ഷീണം ഇതുവരേയും മാറിയിട്ടില്ല. ഇനി ഹോട്ടലുകാരെക്കൂടി പിണക്കിയാല്‍ തീര്‍ന്നു.
ഓരോ സര്‍ക്കാരിനും ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാനാവും. ജനങ്ങള്‍ പട്ടിണി കിടന്നാലും സാരമില്ല തങ്ങള്‍ ആടിപാടി സഞ്ചരിക്കും എന്ന നേതാക്കളുടെ മനോഭാവത്തിന് ഈ സര്‍ക്കാരിന്റെ അന്ത്യം അടുക്കുന്തോറും കൂടുതല്‍ ഉദാഹരണങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതില്‍ പ്രധാനമാണ് ഹോട്ടല്‍ ഭക്ഷണവില നിയന്ത്രണ ബില്‍ അട്ടിമറിച്ച സംഭവം. എന്നാല്‍ കുറ്റം പറയരുതല്ലോ ഇതേ വരെ ആരംഭിക്കാത്ത സീപ്ലെയിന്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഇതുവരെ 11 കോടി ചെലവിട്ടു.
ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രണാതീതമായപ്പോഴാണ് നാലു വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചത്. അനൂപ് ജേക്കബാണ് സെക്രട്ടറിയേറ്റിലെ അലമാരിയില്‍ പൊടി പിടിച്ചു കിടക്കുന്ന ബില്‍ തപ്പിയെടുത്ത് നിയമ വകുപ്പിന് കൈമാറിയത്. കുറ്റങ്ങളും കുറവുകളും തീര്‍ത്ത് നിയമവകുപ്പ് ബില്‍ കൈമാറി. ബില്‍ ഇത്തവണ നിയമസഭാ സമ്മേളനത്തില്‍ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ബില്‍ നിയമമാവുകയാണെങ്കില്‍ ഒരു മസാല ദോശയ്ക്ക് 70 രൂപ ഈടാക്കുന്ന പതിവ് അവസാനിക്കും. ഹോട്ടല്‍ ഭക്ഷണ വിലയില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി പോലും അഭിപ്രായപ്പെട്ടിരുന്നു,
ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഭക്ഷണ സാധനങ്ങളുടെ വില ഈടാക്കാനാണ് ബില്‍ ഉദ്ദേശിക്കുന്നത്. ബില്‍ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ ഹോട്ടല്‍ ലോബി രംഗത്തെത്തി.
ബില്‍ ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അവശേഷിക്കുന്ന ഒരേയൊരു നിയമസഭാ സമ്മേളനത്തില്‍ ഇത്തരം ബില്ലുകള്‍ക്കൊന്നും ജീവന്‍ വയ്ക്കുമെന്ന് കരുതുക വയ്യ
സീപ്ലെയിന്‍ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ 11 കോടി ചെലവഴിച്ചതായി നിയമസഭയെ അറിയിച്ചത് മന്ത്രി അനില്‍കുമാറാണ്,. സീപ്ലെയിന്‍ പോയിട്ടു സീ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് 11 കോടി ചെലവിട്ടതെന്ന് മനസ്സിലാക്കും. കടലില്‍ കല്ലിടുക എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിച്ച് സിപ്ലെയിനിന്റെ പണം വെള്ളത്തില്‍ പോയതായി കരുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha