കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം മണ്ണ് മാറ്റിയാണ് മൃതദേഹം കണ്ടെത്തിയത്

മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി രത്തൻ (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശി വിമൽകുമാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്കഴിഞ്ഞ് 2.15 ഓടെ തലപ്പലം അഞ്ചാം വാർഡിലാണ് സംഭവം. അജ്മി ഫള്വർ മില്ലിന്റെ റീടെയ്‌നിംഗ് വോൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി പില്ലർ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കവെയാണ് സംഭവം.
സമീപത്തെ റബ്ബർതോട്ടത്തിന്റെ മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. രത്തനും വിമൽകുമാറും കുഴിയിലകപ്പെടുകയായിരുന്നു. വിമൽകുമാർ കുഴിയിൽ നിന്നും ചാടികയറി രക്ഷപ്പെട്ടെങ്കിലും രത്തൻ മണ്ണിനടിയിലകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഈരാട്ടുപേട്ട അഗ്നിശമനസേനയിലെ എസ്.ടി.ഒ എം.എ ജോണിച്ചൻ, ഗ്രേഡ് എ.എസ്.ടി.ഒ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവടങ്ങളിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തി.
ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും സേനാംഗങ്ങൾ കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം മണ്ണ് മാറ്റിയാണ് രത്തനെ കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഈരാറ്റുപേട്ട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha