കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ചു

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ചു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാര്‍ത്ഥ്യമായെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്.
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ കെ ഫോണ്‍. കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്.
വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ ഫോണ്‍ പദ്ധതി.കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ നമ്മള്‍ നേടിയെടുത്തിരുന്നു. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്.
9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള ഓഫീസുകളിലും വീടുകളിലും എല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് ഇന്നിവിടെ കെ ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha























