കോടതിയുടെ സാക്ഷി സമന്‍സ് ഉത്തരവ് നടപ്പിലാക്കാത്ത തമ്പാനൂര്‍ സിഐക്കെതിരെ കോടതി നേരിട്ട് കേസെടുത്തു... ജൂണ്‍ 23 ന് ഹാജരാകണം, അഞ്ച് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കോടതി ഉത്തരവ്

കോടതിയുടെ സാക്ഷി സമന്‍സ് ഉത്തരവ് നടപ്പിലാക്കാത്ത തമ്പാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. ജൂണ്‍ 23 ന് നേരിട്ട് ഹാജരാകാനും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. സിഐയുടെ ഗുരുതരമായ കൃത്യവിലോപവും അലംഭാവവും നിഷ്‌ക്രിയത്വവും കോടതി നടപടികള്‍ തടസ്സപ്പെടുത്തലാണെന്ന് കേസെടുത്ത ഉത്തരവില്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.
2016 ല്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുമ്പില്‍ ഗണപതി കോവിലിന് മുന്‍വശം ഡ്യൂട്ടി ചെയ്ത ഹോം ഗാര്‍ഡിനെ , ക്ഷേത്രത്തിന് മുന്‍വശം റോഡില്‍ ബഹളം വെച്ച് പൊതു ജന ശല്യം ഉണ്ടാക്കിയ രണ്ടു യുവാക്കളോട് സ്ഥലത്ത് നിന്നും മാറിപ്പോകാന്‍ ആവശ്യപ്പെട്ട വിരോധത്തില്‍ , രണ്ടു യുവാക്കള്‍ മര്‍ദ്ദിച്ച കേസിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അലംഭാവവും നിഷ്‌ക്രിയത്വവും കാട്ടിയത്.
കോടതി പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും നിലവിലെ സി ഐ നിര്‍ണ്ണായക സാക്ഷിക്ക് കോടതി നല്‍കാനേല്‍പ്പിച്ച സമന്‍സ് ഉത്തരവ് നല്‍കുകയോ നല്‍കാത്തതിന് കാരണം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സഹിതം സമന്‍സ് കോടതിക്ക് മടക്കുകയോ സി ഐ ചെയ്തില്ല. കൂടാതെ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും വിശദീകരണം ഹാജരാക്കിയില്ല.
ഈ അനുസരണക്കേടിനാണ് കോടതി കേസെടുത്തത്. അഞ്ച് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കോടതി ഉത്തരവ്.
"
https://www.facebook.com/Malayalivartha























