23 വരെ ഇടിയോട് കൂടിയ മഴ....! കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 23ാം തീയതി വരെ ഇടിയോട് കൂടിയ മഴ തുടരുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നിലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
ഇടിമിന്നല്‍ ദൃശ്യമല്ല എന്നതുകൊണ്ട് ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അറിയിപ്പിലുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനമെങ്കിലും എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിച്ചേക്കും. കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വരെ കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
https://www.facebook.com/Malayalivartha
























