സ്റ്റാലിന് ഇടിത്തീയാകുമ്പോള്‍... തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ ഇഡി കളി തുടരുമ്പോള്‍ സന്തോഷിക്കുന്ന പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നീക്കം

കുറച്ച് ദിവസങ്ങളായി തമിഴ്‌നാട് ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത രീതി ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നീക്കം.
അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇഡിക്ക് നോട്ടീസയച്ചു. ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ഇന്ന് നടക്കും. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകള്‍ ആയുധമാക്കി തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍.
സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ എഐഎഡിഎംകെയിലെ നേതാക്കളെ പൂട്ടാനുറച്ചാണ് നീക്കം. സി വിജയഭാസ്‌കര്‍, പി തങ്കമണി, എസ് പി വേലുമണി തുടങ്ങി അര ഡസന്‍ മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകളില്‍ ജൂലൈ ആദ്യ വാരത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ രാജി ആവശ്യപ്പെട്ട് നാളെ എഐഎഡിഎംകെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രിവാസവും അഭിനയമെന്ന് ഇഡി സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിറ്റേന്ന് ബൈപ്പാസ് ശസ്തക്രിയക്കുള്ള തീയതി കുറിച്ച് ആരോഗ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഇന്ന് രാവിലെ ശസ്തക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നുമാണ് സുബ്രഹ്‌മണ്യന്റെ അറിയിപ്പ്.
ഇഡിയുടെ അപേക്ഷ ഇന്ന് അവധിക്കാല ബഞ്ച് പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ ബാലാജിയുട ഭാര്യ മേഖല സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയും നല്‍കി. ഇഡി സമന്‍സ് കിട്ടിയെങ്കിലും, ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.
അതേസമയം ദേശീയ തലത്തിലും സ്റ്റാലിന്‍ ശക്തി നേടുകയാണ്. 2021ല്‍ ഉജ്ജ്വല വിജയം നേടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ സ്റ്റാലിന് അടിത്തറയൊരുക്കിയത് തമിഴ്‌നാട്ടിലെ സഖ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ സഖ്യത്തിലുണ്ടായിരുന്നു. ആ സഖ്യത്തില്‍ നിന്ന് ഒരു പാര്‍ട്ടിപോലും ഈ നിമിഷം വരെ കലഹിച്ച് ഇറങ്ങിപ്പോയിട്ടില്ല.
സഖ്യം സാധ്യമായ ആദ്യദിവസങ്ങളില്‍ എങ്ങനെയാണോ പരസ്പരം ഇടപെട്ടത് അതേ ഊഷ്മളത പരസ്പരമുള്ള ബന്ധങ്ങളില്‍ ഇപ്പോഴും സ്റ്റാലിനും മറ്റ് നേതാക്കളും കാത്തുസൂക്ഷിക്കുന്നുണ്ട്. പൊതുശത്രുവിനെ കാര്യക്ഷമമായി നേരിടുക എന്നതിനൊപ്പം അതത് പാര്‍ട്ടികളുടെ അസ്തിത്വത്തെ ബഹുമാനിക്കുക എന്നതില്‍ക്കൂടി സഖ്യം ശ്രദ്ധചെലുത്തുന്നു. ഡി.എം.കെയും സ്റ്റാലിനും മറ്റെല്ലാ പാര്‍ട്ടികളും സീറ്റ് വിഭജനത്തിലുള്‍പ്പെടെ വലിയ വിട്ടുവീഴ്ചകള്‍ ചെയ്താണ് സഖ്യത്തിന്റെ ദൃഢത നിലനിര്‍ത്തിയത്.
ജൂണ്‍ 23-ന് പട്‌നയില്‍ ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ പ്രഥമ ഐക്യയോഗം ചേരുമ്പോള്‍ രാജ്യത്തെ മതേതരവാദികള്‍ വലിയ പ്രതീക്ഷ അതില്‍ അര്‍പ്പിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വ്യത്യസ്ത താല്‍പര്യങ്ങളുള്ള പാര്‍ട്ടികള്‍ ആദ്യമായി ഒന്നിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ എതിര്‍ത്ത് ഇന്ത്യയില്‍ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നയിച്ചവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്താനിടയുള്ള യോഗത്തിലേയ്‌ക്കെത്തുന്നത്. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളുമൊന്നും അത്ര പെട്ടെന്ന് കോണ്‍ഗ്രസുമായി ഇണങ്ങിച്ചേരില്ല. ശക്തമായ ബി.ജെ.പി. വിരുദ്ധ നിലപാടുണ്ടെങ്കിലും കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസ്. ഐക്യസമ്മേളനത്തിനെത്തുന്നില്ല.
ലക്ഷ്യം ബി.ജെ.പി. ഇല്ലാത്ത സര്‍ക്കാരാണെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് മുന്നിലെ നല്ല മാതൃക തമിഴ്‌നാടും സ്റ്റാലിനുമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്ത് പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകുന്ന സഖ്യം. ആ സഖ്യമാണ് സ്റ്റാലിന്റെ വിജയം.
https://www.facebook.com/Malayalivartha
























