നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്... നിഖിലിന്റെ എം കോം രജിസ്‌ട്രേഷനും കേരള സര്‍വകലാശാല നല്‍കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കി; വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കായംകുളം പൊലീസ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ എം കോം രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേരള സര്‍വകലാശാല നല്‍കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലയ്ക്ക് ഔദ്യോഗികമായി മറുപടി നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടു. ക്രമക്കോട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹന്‍ കുന്നുമ്മല്‍ പറഞ്ഞത്.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് കായംകുളം പൊലീസ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റായ്പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തിയ കായംകുളം പൊലീസിനോട് നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതര്‍ മൊഴി നല്‍കി. സര്‍വകലാശാലയിലെത്തി നിഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കാണിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അങ്ങനെയൊരു വിദ്യാര്‍ത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം, ഒളിവില്‍പ്പോയ നിഖില്‍ തോമസിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളം സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലിനെ തിരയുന്നത്. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്തായിരുന്നു അവസാനമായി ലൊക്കേഷന്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























