എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ സി എം ശ്രീജിത്തും വൈസ് ചാന്‍സലര്‍ ഡോ സി ടി അരവിന്ദകുമാറുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ് സെക്ഷനുകളിലേയ്ക്ക് മാറ്റും.
കാണാതായ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉടന്‍ പൊലീസിന് പരാതി നല്‍കും. കൂടാതെ കാണാതായ 54 സര്‍ട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കും. വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കൈമാറുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. 100ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 100 യു ജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പാണ്. ഒരാഴ്ച യ്ക്ക് മുന്‍പാണ് 54 പി ജി സര്‍ട്ടിഫിക്കറ്റുകള്‍ കൂടി കാണാതായത്.
https://www.facebook.com/Malayalivartha
























