എംജി സര്‍വകലാശാല സസ്‌പെന്റ് ചെയ്തവരില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ കാണാതായെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനും

എംജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ കാണാതായെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെയും സര്‍വകലാശാല സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നിലവിലെ സെക്ഷന്‍ ഓഫീസറാണ് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായെന്ന് കണ്ടെത്തിയത്. ജൂണ്‍ 2 ന് പിഡി 5 സെക്ഷനില്‍ ചുമതലയേറ്റ സെക്ഷന്‍ ഓഫീസറാണ് ഇദ്ദേഹം. ജൂണ്‍ 15 നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തിയത്.
അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കണ്‍ട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കുമോയെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുമില്ല. ജൂണ്‍ 2 വരെ സെക്ഷന്‍ ഓഫീസറായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ഔദ്യോഗിക ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയും സസ്‌പെന്റ് ചെയ്തതെന്നാണ് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരുടെയും പേര് വിവരം സര്‍വകലാശാല മറച്ചുവെച്ചു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷനെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു.
ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരീക്ഷാ കണ്‍ട്രോളര്‍ ഡോ സിഎം ശ്രീജിത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ സിടി അരവിന്ദകുമാറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























