വൈക്കത്ത് വള്ളം മറിഞ്ഞ് നാലുവയസ്സുകാരനുള്‍പ്പെടെ രണ്ടു മരണം... ഒരു കുടുംബത്തിലെ ആറുപേര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടം

വൈക്കത്ത് വള്ളം മറിഞ്ഞ് നാലുവയസ്സുകാരനുള്‍പ്പെടെ രണ്ടു മരണം... ഒരു കുടുംബത്തിലെ ആറുപേര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടം.
വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം ചെട്ടിമംഗലം കലശക്കരിയില്‍ ദീപേഷിന്റെ മകന്‍ ഇവാന്‍ (നാല് ), ഭാര്യാ സഹോദരന്‍ പുത്തന്‍തറയില്‍ ശരത്ത് (33 ഉണ്ണി ) എന്നിവരാണ് മരിച്ചത്.
ദീപേഷിന്റെ മൂത്തമകള്‍ ഇഥിക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ തലയാഴം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെട്ടിക്കരിയ്ക്ക് സമീപം കരയാറിന്റെ നടുഭാഗത്താണ് വള്ളം മറിഞ്ഞത്. അസുഖ ബാധിതനായി മരിച്ച തോട്ടകം ചെട്ടിക്കരിയില്‍ മാധവന്റെ മരണ വിവരമറിഞ്ഞ് ശരത്ത്, പിതാവ് ശശി, മാതാവ് അംബിക, സഹോദരി ശാരി, ശാരിയുടെ മക്കളായ ഇഥിക, ഇവാന്‍ എന്നിവര്‍ എഞ്ചിന്‍ ഘടിപ്പിച്ച ചെറുവള്ളത്തില്‍ കൊടിയാട് ഭാഗത്തു നിന്ന് ചെട്ടിക്കരിയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
വള്ളം മറിഞ്ഞ ഉടന്‍ കൊടിയാട് ഭാഗത്ത് കരിയാറിന്റെ തീരത്ത് താമസിക്കുന്ന ബാബു, ചെട്ടിക്കരി സ്വദേശികളായ മധു, അനിക്കുട്ടന്‍ തുടങ്ങിയവരും വള്ളം തുഴഞ്ഞ ശശിയും ചേര്‍ന്ന് അംബിക, ശാരി, ഇഥിക എന്നിവരെ ആദ്യം കരയ്ക്കെത്തിക്കുകയായിരുന്നു. ഏതാനും മിനിട്ട് കഴിഞ്ഞാണ് ഇവാനെയും ശരത്തിനെയും കണ്ടെത്താന്‍ കഴിഞ്ഞത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് മൂന്നുപേരെയും ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവാനെയും ശരത്തിനെയും രക്ഷിക്കാനായില്ല.
വൈക്കത്ത് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് ഇഥികയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ശരത്തിന്റെ ഭാര്യ മീനു . മകള്‍ ഇതള്‍. മൃതദേഹങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























