കണ്ണൂര്‍ കത്താതെ കാത്ത കരുതല്‍... സോളാര്‍ സമരം ശക്തമായിയിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കണ്ണൂരില്‍ നിന്നും കിട്ടിയ കല്ലേറ് കറുത്ത പാടായി മാറി; കോടതിയിലും കനിവ് കാട്ടി; സംഘത്തിലുണ്ടായിരുന്നവര്‍ ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞെങ്കിലും മാപ്പ് പറയണ്ടന്നായിരുന്നു മറുപടി

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളാണ് എവിടേയും. അപ്പോഴും ഒരു കറുത്ത പാടായി കണ്ണൂരിലെ കല്ലേറ് മാറി നില്‍ക്കുകയാണ്. സോളര്‍ സമരം കത്തി ജ്വലിച്ച കാലമായിരുന്നു അത്. പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ട നാളുകളില്‍ ഒരു പരിപാടിയും സുരക്ഷ മുന്‍ നിര്‍ത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഉപേക്ഷിക്കാന്‍ മനസില്ലായിരുന്നു. അങ്ങനെയിരിക്കെ 2013 ഒക്ടോബര്‍ 27നു വൈകിട്ട് 5.40നു കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേരെ സി പി എം പ്രവര്‍ത്തകര്‍ കല്ല് എറിഞ്ഞു.
കല്ലേറില്‍ കാറിന്റെ ചില്ലു പൊട്ടി ഉമ്മന്‍ ചാണിയുടെ നെറ്റിക്കു പരുക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാന്നുള്ള പദ്ധതിയെന്നായിരുന്നു പൊലീസ് എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച്, അകമ്പടി പോയ പൊലീസ് വാഹനം തടയുകയും ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പക്ഷേ അവരോടും കേരളത്തിന്റെ സ്വന്തം ഉമ്മന്‍ ചാണ്ടി ക്ഷമിക്കുന്നതിനാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്.
പ്രതിഷേധത്തിനിടെ ഉണ്ടാകുന്ന സാധാരണ സംഭവമെന്ന രീതിയില്‍ കേസിന്റെ വിചാരണ സമയത്ത് ഉമ്മന്‍ ചാണ്ടി നിലപാട് എടുത്തതാണ് പ്രതിസ്ഥാനത്തുണ്ടായിരുന്ന 107 സി.പി.എം പ്രവര്‍ത്തകരെയും വെറുതെ വിടാനുള്ള പ്രധാന കാരണം. പൊതു മുതല്‍ നശിപ്പിച്ചതിന് മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു.
കല്ലേറ് ഉണ്ടാകുന്ന ദിവസം ഉമ്മന്‍ ചാണ്ടി ധരിച്ചിരുന്ന ഒരു കീറിയ ഷര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്രോസ് വിസ്താരത്തിനിടെ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ശശീന്ദ്രന്‍ ഉമ്മന്‍ ചാണ്ടിയോടു ചോദിച്ചു. ഷര്‍ട്ടിലെ കീറല്‍ സംഭവ സ്ഥലത്ത് ഉണ്ടായതാണോയെന്ന്? അല്ലെന്നായിരുന്നു മറുപടി. മറ്റാരായിരുന്നെങ്കിലും അതെ എന്ന് മറുപടി പറയുമെന്നായിരുന്നു ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പിന്നീട് ഉമ്മന്‍ ചാണ്ടിയെ കല്ല് എറിഞ്ഞ സംഘത്തിലുണ്ടായിരുന്ന മുന്‍ സി പി എം ലോക്കല്‍ സെക്രട്ടറി സി ഒ ടി നസീര്‍ ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് മാപ്പും പറഞ്ഞു. മാപ്പ് പറയണ്ടന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
കണ്ണൂരിന് ആ കല്ലേറ് എന്നും ഒരു വേദനയാണ്. മുറിവേറ്റ ഉമ്മന്‍ ചാണ്ടിയുടെ നെറ്റി നീറിയതിനെക്കാള്‍ വേദനയോടെ ഒരോ മനുഷ്യ സ്‌നേഹിയുടെയും നെഞ്ചില്‍ ആ നീറ്റലുണ്ടാവാം. ജനാധിപത്യമാണ് ലോകത്ത് ഏറ്റവും വലിയ ശരിയെന്ന് വിശ്വസിച്ച ഒരു നേതാവിന്റെ ക്ഷമയുടെ നേര്‍സാക്ഷ്യമായി കൂടി അവശേഷിക്കും കണ്ണൂരിലെ ആ കല്ലേറ്.
അതേസമയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതും അനിയന്ത്രിത ജനബാഹുല്യവും കണക്കിലെടുത്തു കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എസ്പി വി.യു. കുര്യാക്കോസ്, ഡിവൈഎസ്പി എസ്.ബി. വിജയന്‍, ആര്‍ടിഒ വിനോദ് രാജ്, ഇടവക വികാരി എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കി. പള്ളിയുടെ ഇടതുവശത്തു ചേര്‍ന്നുള്ള ഹാളില്‍ പ്രത്യേകം തയാറാക്കിയ സ്റ്റേജ്, അതിനു മുന്‍പിലായി മൃതദേഹം വയ്ക്കാനുള്ള സ്ഥലം എന്നിങ്ങനെയാണു ക്രമീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ പള്ളിയുടെ പ്രധാന നടയ്ക്ക് ഇരുവശവുമുള്ള പാത ബാരിക്കേഡുകള്‍ ഉപയോഗിച്ച് രണ്ടായി തിരിച്ച് രണ്ടുപേര്‍ക്കു കടന്നു പോകാവുന്ന രീതിയിലാക്കി. അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്ന ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കാതെ കണ്ട്, വശങ്ങളിലേക്കു മാറുന്ന തരത്തിലാണു ക്രമീകരണങ്ങള്‍.
"
https://www.facebook.com/Malayalivartha






















