ആ നിറചിരിക്ക് അറുപത് വയസ്സ്... മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍...പിറന്നാളാശംസകളുമായി സംഗീതലോകവും

ആ നിറചിരിക്ക് അറുപത് വയസ്സ്... മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍...പിറന്നാളാശംസകളുമായി സംഗീതലോകവും.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചേച്ചി ബീനയുടെ പാട്ട് റെക്കോഡിങ്ങിന് ഒപ്പം പോയപ്പോള്‍ അവിചാരിതമായി പാടിയ ഹമ്മിങ്ങാണ് ചിത്രയുടെ റെക്കോഡ് ചെയ്ത ആദ്യശബ്ദം. എം ജി രാധാകൃഷ്ണന്റെ ആല്‍ബത്തിലും അദ്ദേഹം സംഗീതമൊരുക്കിയ അട്ടഹാസം എന്ന സിനിമയിലും പാടി. ആ സിനിമ പുറത്തിറങ്ങിയില്ല. 1982ല്‍ ഞാന്‍ ഏകനാണ് എന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് എഴുതിയ പ്രണയം വസന്തം എന്ന പാട്ടിലൂടെ വെള്ളിത്തിരയില്‍ അടയാളപ്പെടുത്തി. പിന്നീട് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും വിദേശഭാഷകളിലും അവര്‍ വാനമ്പാടിയായി.
സംഗീതത്തിന്റെ ആര്‍ദ്രനിലാവിന്, വിനയം തുളുമ്പുന്ന പ്രതിഭയ്ക്ക്, ആ നിറചിരിക്ക് അറുപത് വയസിന്റെ ചെറുപ്പം. തിരുവനന്തപുരത്ത് ജനിച്ച്, സ്വരമാധുരിയിലൂടെ ലോകത്തോളം വളര്‍ന്ന ലാളിത്യത്തിന്റെ ആള്‍രൂപത്തിന് പിറന്നാളാശംസകളുമായി സംഗീതലോകവും. അര നൂറ്റാണ്ടായി തുടരുന്ന ഉപാസനയിലൂടെ ആര്‍ജ്ജിച്ച അനായാസമായ ആലാപനശൈലി ചിത്രയെ മഹാന്മാരായ സംഗീത സംവിധായകരുടെ ഇഷ്ടഗായികയുമാക്കി.
വിവിധ ഭാഷകളിലായി മികച്ച ഗായികയ്ക്കുള്ള 37 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അതില്‍ 16 തവണയും മലയാളത്തിലൂടെയായിരുന്നു. ആറ് ദേശീയ പുരസ്‌കാരവും 2021ല്‍ പത്മവിഭൂഷണും നേടി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി.
ചിത്രയ്ക്ക് പിറന്നാള്‍ ഇന്നാണെങ്കിലും ജന്മനക്ഷത്രമായ ചിത്തിര ഇന്നലെയായിരുന്നു. ഭര്‍ത്താവ് വിജയ് ശങ്കറിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ചു.
https://www.facebook.com/Malayalivartha


























