കാട്ടിറച്ചി കടത്തിയെന്ന് കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആദിവാസി യുവാവിന്റെ പരാതി; നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് വനം വകുപ്പ് കള്ള കേസെടുത്ത ആദിവാസി യുവാവ് സരുണ്‍ സജിയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുണ്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥകര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരുണ്‍ സജി ഉപ്പുതറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയതിനാല്‍ പീരുമേട് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കേസില്‍ പ്രതി ചേര്‍ത്ത പതിമൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ പതിനൊന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസില്‍ പ്രതികളായ മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.രാഹുല്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്റെ പരാതി.
പീരുമേട് ഡി.വൈ.എസ്. പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉപ്പുതറ എസ്.എച്ച്.ഒ യോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപതിനാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. തുടരന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്യുകയും കേസ് വനം റദ്ദാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























