മുന്‍ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്

മുന്‍ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോവാസു പറഞ്ഞതോടെയാണ് നേരിട്ട് ഹാജരാക്കിയത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതിച്ചപ്പോള്‍ പറയാനുള്ളത് നേരത്തെ പറഞ്ഞെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. അതോടെ നിയമം പാലിക്കാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് കോടതി ഓര്‍മപ്പെടുത്തി. എന്നാല്‍, ഭരണകൂടത്തിന്റെ ഇരട്ട നീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു. കോടതിയോട് എതിര്‍പ്പില്ല. ഭരണകൂടവും പോലീസും ഇരട്ടനീതി കാണിക്കുന്നു. കോടതിക്ക് നിയമ പ്രകാരമേ പ്രവര്‍ത്തിക്കാനാകൂ. തെറ്റ് ചോദ്യംചെയ്യുന്നതാണ് തന്റെ രീതി. തെറ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണ്. ദേവരാജനും അജിത പരമേശനും കൊല്ലപ്പെട്ടതില്‍ കേസില്ല. പ്രതിഷേധിച്ച തനിക്കെതിരെ മാത്രം കേസ്. ഇത് ഇരട്ട നീതിയാണ്.
പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാല്‍ പിണറായിയാണ് ഏറ്റവും വലിയ കോര്‍പ്പറേറ്റ്. അത് ജനം മനസിലാക്കുന്നില്ല. മനസിലാക്കുന്ന കാലംവരെ താന്‍ ജീവിച്ചിരിക്കണം എന്നുമില്ലെന്നും ഗ്രോ വാസു പറഞ്ഞു. കോടതിയില്‍ എത്തിച്ച ഗ്രോ വാസുവിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും ആര്‍.എം.പി പ്രവര്‍ത്തകരും എത്തിയിരുന്നു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് ഗ്രോ വാസു അറസ്റ്റിലായതും പിന്നീട് റിമാന്‍ഡിലായതും. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുമ്പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനുമാണ് കേസ്.
2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് മാവോവാദികള്‍ വെടിയേറ്റു മരിച്ചത്. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍, ചെന്നൈ സ്വദേശിനി അജിത പരമേശന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗ്രോ വാസു അടക്കമുള്ളവര്‍ മോര്‍ച്ചറിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്.
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവും അഭിഭാഷകരും സുഹൃത്തുക്കളും ഗ്രോ വാസുവിനെ കോടതിക്ക് പുറത്തുവെച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിഴയടയ്ക്കാനോ സ്വന്തം ജാമ്യത്തില്‍ പോകാനോ ഗ്രോ വാസു വിസമ്മതിച്ചു. തുടര്‍ന്നാണ് റിമാന്‍ഡിലായത്.
https://www.facebook.com/Malayalivartha
























