ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... ചന്ദ്രയാന്‍ 3 അടുത്തയാഴ്ച ചന്ദ്രനിലെത്തുമ്പോള്‍ റഷ്യയ്ക്കും ആകാംക്ഷ; ചന്ദ്രയാനും ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണയും ഒപ്പത്തിനൊപ്പം; റഷ്യയുടെ ലൂണ 16ന് ചന്ദ്രന്റെ 100കിലോമീറ്റര്‍ അടുത്തെത്തും; രണ്ടും ഇറങ്ങുന്നത് ദക്ഷിണ ധ്രുവത്തില്‍

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലോകത്തിന്റെ അഭിമാനമാകുകയാണ്. അതേസമയം റഷ്യയ്ക്ക് വെല്ലുവിളിയായി ചന്ദ്രയാന്‍ 3 മാറുകയാണ്. ചന്ദ്രയാന്‍ 3 അടുത്തയാഴ്ചയെത്തും. ഒപ്പം ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 പേടകവും. റഷ്യയുടെ ലൂണ 16ന് ചന്ദ്രന്റെ 100കിലോമീറ്റര്‍ അടുത്തെത്തും. 21നോ, 23നോ ലാന്‍ഡിംഗ്. ചന്ദ്രയാന്‍ 100കിലോമീറ്റര്‍ അടുത്തെത്തുന്നത് 17നാണ്. 23ന് ലാന്‍ഡിംഗ്. രണ്ടും ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുന്നത്. മിക്കവാറും ഒപ്പത്തിനൊപ്പമാവും രണ്ടിന്റെയും ലാന്‍ഡിംഗ്. അതിനാല്‍ തന്നെ ഏറെ ആകാംക്ഷയുണ്ട്.
ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്കാണ്. നിലവില്‍ ആറ് പേടകങ്ങള്‍ ചന്ദ്രനെ ചുറ്റുന്നുണ്ട്. ഇവ കൂട്ടിയിടിക്കുമോ എന്ന് ആശങ്കയുണ്ട്. ലൂണാര്‍ റെക്കണയ്‌സന്‍സ് ഓര്‍ബിറ്റര്‍ ഉള്‍പ്പെടെ നാലെണ്ണവും അമേരിക്കയുടേതാണ്. കൊറിയയുടെ പാത്ത് ഫൈന്‍ഡര്‍, ഇന്ത്യയുടെ ചന്ദ്രയാന്‍ 2 എന്നിവയാണ് മറ്റുള്ളവ. 2008ല്‍ അയച്ച ചന്ദ്രയാന്‍1, 2009ല്‍ അയച്ച ജപ്പാന്റെ ഔന എന്നിവ പ്രവര്‍ത്തനം നിലച്ചെങ്കിലും ചന്ദ്രന് ചുറ്റും നിയന്ത്രണമില്ലാതെ കറങ്ങുയാണോ തകര്‍ന്നുവീണോ എന്നൊന്നും ഉറപ്പില്ല.
യു.എസ്, കൊറിയന്‍ പേടകങ്ങള്‍ പലതവണ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2019ല്‍ ചന്ദ്രയാന്‍ 2നെ മൂന്ന് തവണ ഗതിമാറ്റി കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ചന്ദ്രന് ചുറ്റുമുള്ള വസ്തുക്കള്‍ വിശദമായി പഠിച്ച ശേഷമാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. കൂട്ടിയിടി ഒഴിവാക്കാന്‍ സിസ്റ്റം ഫോര്‍ സെയ്ഫ് ആന്‍ഡ് സസ്റ്റെയ്നബിള്‍ സ്‌പെയ്‌സ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് സംവിധാനം ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ട്.
ചന്ദ്രന്റെ 100 - 150കിലോമീറ്റര്‍ അടുത്തുള്ളവ ലോ ലൂണാര്‍ ഓര്‍ബിറ്റുകളാണ്. ലാന്‍ഡറുകളാണ് ഇവിടെ എത്തുക. അവ ഏതാനും ദിവസം മാത്രം തങ്ങിയ ശേഷം ലാന്‍ഡ് ചെയ്യും. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറിനെ വേര്‍പെടുത്തിയ ശേഷം പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഏതാനും വര്‍ഷം ചന്ദ്രനെ ചുറ്റും. അത് 150 കിലോമീറ്റര്‍ ഉയര്‍ത്തി തിരക്ക് കുറഞ്ഞ ഭ്രമണപഥത്തിലാക്കും.
1976ന് ശേഷം റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നു വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് റോക്കില്‍ വിക്ഷേപിച്ചു. ഭാരം 1800 കിലോ. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. മൂന്ന് മുതല്‍ ഏഴ് ദിവസം ചന്ദ്രനെ ചുറ്റുമ്പോള്‍ ലാന്‍ഡിംഗ് സ്ഥലം തിരഞ്ഞെടുക്കും. ലാന്‍ഡറിന്റെ ഭാരം 800 കിലോ.38 കിലോ ശാസ്ത്ര ഉപകരണങ്ങള്‍. കോരിക ഉപയോഗിച്ച് ചന്ദ്രനിലെ പാറ 15 സെന്റീമീറ്റര്‍ തുരന്ന് ജലസാന്നിദ്ധ്യം പരിശോധിക്കും.
ദക്ഷിണധ്രുവത്തില്‍ ഉറഞ്ഞ വെള്ളത്തിന്റെ വന്‍ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്. ഭാവിയില്‍ മനുഷ്യവാസത്തിന് വേണ്ട ഇന്ധനവും ഓക്‌സിജനും കുടിവെള്ളവും കിട്ടുമോ എന്നാണ് പരിശോധിക്കുന്നത്. റഷ്യന്‍ ലാന്‍ഡര്‍ ഒരു വര്‍ഷം ചന്ദ്രനില്‍ പരീക്ഷണങ്ങള്‍ നടത്തും.
അതേസമയം ചന്ദ്രയാന്‍ 3 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തു വിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തില്‍ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് ആറിനുമായി ലാന്‍ഡറിലെ വ്യത്യസ്തമായ ക്യാമറകളാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വിക്ഷേപണത്തിന് പിന്നാലെയാണ് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയാണ് ചന്ദ്രോപതരിതലത്തിന്റെ ചിത്രമെടുത്തത്. അതേസമയം ഓഗസ്റ്റ് ആറിന് ചന്ദ്രയാന്‍ പേടകം പകര്‍ത്തിയ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. പേടകത്തിന്റെ സോളാര്‍ പാനലും പശ്ചാത്തലത്തില്‍ ചന്ദ്രോപരിതലവും ദൃശ്യമാവുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha
























