മുത്താണ് വയനാട്... രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വയനാട് ഭാഗ്യ ചിഹ്നമായി മാറി; ഏറെ സന്തോഷത്തോടെ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി വയനാട്; പുതുപ്പള്ളിയിലേക്ക് രാഹുലിന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടാവുമോ എന്ന് ആകാംഷ

വയനാട് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഭാഗ്യചിഹ്നമായി മാറുകയാണ്. കൈവിടുമെന്ന വയനാട് കൈവിട്ടില്ല. വയനാട് രാഹുല്‍ ഗാന്ധിക്ക് ഇരട്ടി ശക്തിയാണ് നല്‍കിയത്. പ്രതിപക്ഷ മുന്നണിയില്‍ മുമ്പിലെത്താന്‍ വയനാട് എംപി സ്ഥാനം മരവിപ്പിച്ചത് ഏറെ ഗുണം ചെയ്തു. അവസാനം നഷ്ടപ്പെട്ട എംപി സ്ഥാനം തിരിച്ചു കിട്ടുകയും ചെയ്തു.
എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 9 വീടുകളുടെ താക്കോല്‍ പൊതു സമ്മേളത്തില്‍ കൈമാറും. വന്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നത്.
എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും. പക്ഷേ, പുതുപ്പള്ളിയിലേക്ക് രാഹുലിന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടാവുമോ എന്നും ആകാംഷയുണ്ട്.
അതേസമയം അവിശ്വാസപ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. രണ്ട് മണിക്കൂറിലേറെ സംസാരിച്ച മോദി മണിപ്പുരിനെക്കുറിച്ച് പരാമര്‍ശിച്ചത് രണ്ട് മിനിറ്റ് മാത്രമാണ്. കളിച്ചും ചിരിച്ചുമാണ് പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് സംസാരിച്ചത്. സൈന്യം വിചാരിച്ചാല്‍ രണ്ട് ദിവസം കൊണ്ട് കലാപം അവസാനിപ്പിക്കാമെന്നിരിക്കെ പ്രധാനമന്ത്രിക്ക് അതില്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
മണിപ്പുര്‍ ഇന്നൊരു സംസ്ഥാനമല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മണിപ്പുരില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി കേവലം രാഷ്ട്രീയക്കാരന്‍ മാത്രമാകരുതെന്നും രാഹുല്‍ തുറന്നടിച്ചു.
അതേസമയം രാഹുലിന് സമനില തെറ്റിയോയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ചോദിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ച ആഗ്രഹിച്ചിരുന്നില്ലെന്നും പാര്‍ലമെന്ററികാര്യമന്ത്രി കുറ്റപ്പെടുത്തി. മോദിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ പ്രതികരിച്ചതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കുറ്റപ്പെടുത്തി. രാഹുലിന് സമനില തെറ്റിയോയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ലെന്നും പ്രഹ്‌ളാദ് ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം രാഹുല്‍ ഗാന്ധിയ്ക്കെതിരെ ലോക്സഭയില്‍ ഫ്ളൈയിങ് കിസ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. നീതു സിങ് രംഗത്തെത്തി. രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുള്ളപ്പോള്‍ രാഹുലെന്തിന് 50 വയസുള്ളവര്‍ക്ക് ഫ്ളൈയിങ് കിസ് കൊടുക്കണമെന്നായിരുന്നു നീതു സിങിന്റെ പ്രതികരണം. പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. രംഗത്തെത്തി.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുസിങിന്റെ വിവാദ പരാമര്‍ശം. ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കില്‍ തന്നെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ പോരെ. 50 കഴിഞ്ഞവര്‍ക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നീതു സിങ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ദുര്‍നടപടികളെ പ്രതിരോധിക്കാന്‍ സ്ത്രീവിരുദ്ധ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആളുകളുണ്ടെന്ന് ബി.ജെ.പി. വക്തമാവ് ഷെഹ്സാദ് പൂനാവാല അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























