പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായി സോളാർ...! ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങളൊക്കെ കോണ്‍ഗ്രസ് ജനമധ്യത്തിലെത്തിക്കുക ശക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ, സിപിഎമ്മിന്റെ ആസൂത്രിത നീക്കം തൂത്തെറിയും

ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേയ്ക്കാന്‍ സിപിഎം ആസൂത്രിതമായി ഇറക്കിയതായിരുന്നു സോളാര്‍ ആരോപണം.എന്നാൽ വസ്തുത തെളിവടക്കം പുറത്തുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങളൊക്കെ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും കോണ്‍ഗ്രസ് ജനമധ്യത്തിലെത്തിക്കുക.
നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയനുള്‍പ്പെടെ പുതുപ്പള്ളിയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ സിപിഎമ്മിന് ആകെ അന്താളിപ്പാണ്. ഭരണനേട്ടം എന്നുപറയാന്‍ സര്‍ക്കാരിന് ഒന്നുമില്ല. നിലവില്‍ കളത്തിലിറക്കാന്‍ പറ്റിയ ജനപ്രിയ നേതാക്കളുമില്ല. ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ കുറ്റം പറഞ്ഞ് പ്രചാരണം നടത്തിയാല്‍ തിരിച്ചടി ശക്തമാകുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്.
എല്‍ഡിഎഫില്‍ വിവരദോഷം വിളമ്പാത്തവരെ മാത്രം പ്രചാരണത്തിന് ഇറക്കിയാല്‍ മതിയെന്നാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ വിമര്‍ശനം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നിര്‍ണായക ശക്തിയുള്ള മണ്ഡലമായ പുതുപ്പള്ളിയില്‍ ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എന്നിവരെ സജീവമായി പ്രചാരണത്തിനിറക്കി ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പിക്കുകയെന്നതാണ് സിപിഎം ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം.
അയര്‍ക്കുന്നം, അകലക്കുന്നം, ആനിക്കാട് പ്രദേശങ്ങളില്‍ മാണി ഗ്രൂപ്പിന് വ്യക്തമായ സ്വാധീനമുണ്ട്. നിലവില്‍ സിപിഎമ്മിന് പുതുപ്പള്ളിയില്‍ സജീവമായി പ്രചാരണത്തിനിറക്കാന്‍ പറ്റിയ നേതാവ് വിഎന്‍ വാസവന്‍ മാത്രമാണ്. സിപിഎം, സിപിഐ പാര്‍ട്ടികളില്‍ എടുത്തു പറയാന്‍ ജനപിന്തുണയുമുള്ള നേതാക്കളും നന്നേ കുറവാണ്. വിവരദോഷവും ധിക്കാരവും മാത്രം വിളമ്പി ജനങ്ങളെ വെറുപ്പിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയോ ജയരാജന്‍മാരെയോ മണിയാശാനേയോ പുതുപ്പള്ളിയില്‍ ഇറക്കേണ്ടെന്ന പൊതു അഭിപ്രായം പ്രാദേശിക നേതാക്കള്‍ക്കുണ്ട്.
സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെയൊക്കെ പ്രചാരണത്തിന് കൊണ്ടുവരാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെങ്കിലും അവരൊന്നും പുതുപ്പള്ളിയില്‍ ചെറിയ ചലനം പോലും സൃഷ്ടിക്കില്ലെന്ന് പ്രാദേശിക നേതാക്കള്‍ക്ക് വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിയാല്‍ പോലും മണ്ഡലത്തില്‍ ആവേശമോ ചലനമോ സൃഷ്ടിക്കാന്‍ സാഹചര്യമല്ല. അതിരൂക്ഷമായ വിലക്കയറ്റം, കൊള്ളനികുതി, ജീവിതച്ചെലവ്, ഭക്ഷ്യക്ഷാമം തുടങ്ങിയ നാനാ വിധ പ്രശ്‌നങ്ങളില്‍ ഉഴലുകയാണ് സാധാരണ സമൂഹം.
പുതുപ്പള്ളി മണ്ഡലത്തിലെ 60 ശതമാനം വോട്ടര്‍മാരും തൊഴിലാളികളും സാധാരണക്കാരുമായതിനാല്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വലിയ പ്രതിസന്ധിയാണ്. മാത്രവുമല്ല ഓണത്തിന് സൗജന്യ ഭക്ഷ്യസാധന കിറ്റ് എല്ലാ കാർഡുകാർക്കും നല്‍കാതിരിക്കുന്നതും ഇടത്തരക്കാരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പച്ചക്കറി, മത്സ്യം, മാസം എന്നിവയുടെ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നു.
പുതുപ്പള്ളിയിലെ ഏറ്റവും പ്രധാന കൃഷിയും ജീവിതമാര്‍ഗവും റബറാണ്. റബര്‍ കര്‍ഷകര്‍ വിലയിടിവിനു നടുവില്‍ ജീവിതം തള്ളിനീക്കാന്‍ പെടാപ്പാടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ മാസങ്ങളായി സബ്‌സിഡി വിതരണം മുടങ്ങിക്കിടക്കുന്നതും സര്‍ക്കാരിന്റെ ഇമേജിനെ സാരമായി ബാധിക്കുന്ന പ്രശ്‌നമാണ്. മാത്രവുമല്ല മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും സിപിഎമ്മിന് സാധിക്കില്ല.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഉയരുന്ന ആരോപണം മുതല്‍ ദുബായ് കേന്ദ്രീകരിച്ചുള്ള വന്‍കിട ബിസിനസുകള്‍ വരെ പ്രാചാരണവിഷയമായി മാറും. പാവങ്ങളുടെ പാര്‍ട്ടിയാണെന്നും തൊഴിലാളികളുടെ പാര്‍ട്ടിയാണെന്നും പറയുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ളവരുടെ കോടീശ്വരജീവിതവും ഓരോ നേതാവിനെ ഉയരുന്ന വമ്പന്‍ അഴിമതിയുമൊക്കെ ചെറുക്കാന്‍ പ്രചാരകര്‍ നന്നേ പെടാപ്പാടു പെടും. അടിസ്ഥാന പരമായി ജനാധിപത്യവികാരവും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവരാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍.
പുതുപ്പള്ളിയില്‍ പ്രചാരകരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി ആയിരം പ്രവര്‍ത്തകരെ പുതുപ്പള്ളിയിലെത്തിച്ച് വീടുകയറി പ്രചാരണം നടത്താനാണ് തീരുമാനം. വീടുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടത്താനും മാണി വിഭാഗത്തെ മുന്നില്‍ നിറുത്താനും പാര്‍ട്ടി ആലോചിക്കുന്നു. പാര്‍ട്ടിയുടെ മുന്‍നിരനേതാക്കള്‍ എത്തിയാല്‍പോലും ജനക്കൂട്ടം ഉണ്ടാവില്ലെന്ന ആശങ്കയില്‍ എല്ലാ സമ്മേളങ്ങള്‍ക്കും ആയിരം പേരെ ഉറപ്പാക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.
ഇതിനായി മണ്ഡലത്തിന് പുറത്തു നിന്ന് ഓരോ യോഗങ്ങള്‍ക്കും ആളെ എത്തിക്കാനുള്ള നിര്‍ദേശം ഏരിയ കമ്മിറ്റികള്‍ക്കും ലോക്കല്‍ കമ്മിറ്റികള്‍കള്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്രമസമാധാന പ്രശ്‌നത്തേക്കാള്‍ അതിരൂക്ഷമായി മാറിയിരിക്കുന്ന വിലക്കയറ്റത്തിനെതിരെ മറുപടി പറയാന്‍ സര്‍ക്കിരിന് വാക്കുകളില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം വിലക്കയറ്റം നേരിടേണ്ടി വന്ന കാലഘട്ടം വേറെയുണ്ടായിട്ടില്ല. ഇതിനെ സിപിഎം എങ്ങനെ പ്രതിരോധിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
https://www.facebook.com/Malayalivartha
























