പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നെബു ജോണിനെ വലവീശിപ്പിടിച്ച വിവരം ചോര്‍ത്തിയത് ആര് ? പുതുപ്പള്ളിയിലെ വഞ്ചകനായ ഒറ്റുകാരനെ കണ്ടെത്താന്‍ സിപിഎം

പുതുപ്പള്ളിയിലെ വഞ്ചകനായ ഒറ്റുകാരനെ കണ്ടെത്താന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നെബു ജോണിനെ വലവീശിപ്പിടിച്ച വിവരം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണെങ്കിലും അവനിട്ട് സിപിഎം പണികൊടുക്കും.
ഉമ്മന്‍ ചാണ്ടിയുടെ പഴയ മിത്രവും നിലവിലെ ശത്രുവുമായ നെബു ജോണിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം നീക്കം ഒറ്റിയത് പാര്‍ട്ടിയിലെതന്നെ ജില്ലാ കമ്മിയില്‍ നിന്നാണെന്ന് നേതൃത്വം സംശയിക്കുന്നു. അതല്ലെങ്കില്‍ പാര്‍ട്ടി പത്രം വഴിയോ പാര്‍ട്ടി ചാനല്‍വഴിയോ ആയിരിക്കാം നെബു സ്ഥാനാര്‍ഥിയാകുമെന്ന വിവരം ചോര്‍ന്നുപോയത്. മുന്‍പൊരിക്കല്‍പോലും സിപിഎം ഇത്തരത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിതലത്തില്‍ ചോര്‍ന്നുപോയിട്ടില്ല.
സംസ്ഥാനത്തെ പ്രമുഖ മന്ത്രിയും പാര്‍ട്ടിയിലെ മൂന്നു പ്രമുഖരും ഒരാഴ്ച നടത്തിയ നീക്കങ്ങളുടെ ഫലമായാണ് നെബുവിനെ ഒരു വിധം വലയില്‍ വീഴിച്ചത്. കോണ്‍ഗ്രസിനെ തള്ളിപ്പറയുക മാത്രമല്ല ചാണ്ടി ഉമ്മനെതിരെയും ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തി പുറത്തുവരാനും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകാനുമായിരുന്നു നിര്‍ദേശം.
ഇലക്ഷനില്‍ തോറ്റാല്‍ സര്‍ക്കാര്‍തലത്തില്‍ മോശമല്ലാത്ത പദവിയോ അംഗീകാരമോ നല്‍കാം എന്നും ഇലക്ഷന്‍ ചെലവ് പൂര്‍ണമായി പാര്‍ട്ടി വഹിച്ചുകൊള്ളാമെന്നുമുള്ള ഉറപ്പിലായിരുന്നു അണിയറ ചര്‍ച്ചകള്‍. ഇതനുസരിച്ച് ഇലക്ഷന്‍ തന്ത്രങ്ങള്‍ വരെ സിപിഎം ജില്ലാ കമ്മിറ്റി ആലോചിക്കുകയും ചെയ്തിരുന്നു.
മൂന്നു രാത്രികളിലായി നടത്തിയ അധ്വാനത്തിനൊടുവില്‍ ഇങ്ങനെയൊരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് സംഘടിപ്പിച്ച വിവരം ഒട്ടും വൈകാതെ മാധ്യമങ്ങള്‍ അറിഞ്ഞു. വരുന്നു ചാണ്ടി ഉമ്മനെ നേരിടാന്‍ അതിശക്തനായ ഒരാള്‍, പ്രഖ്യാപനം അതിരഹസ്യം എന്ന മട്ടില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഫ്‌ളാഷ് വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്തു.
കോട്ടയത്തെ മാധ്യമങ്ങള്‍ ഈ വിവരം ചോര്‍ത്തിക്കൊടുത്തത് പാര്‍ട്ടിയിലെ തന്നെ അംഗമായ മാധ്യമപ്രവര്‍ത്തകനാണെന്നും അതല്ല സിപിഎമ്മിലെതന്നെ പ്രമുഖരാണെന്നും സിപിഎം സംശയിക്കുന്നു. സ്ഥാനാര്‍ഥിയുടെ പേര് ചോര്‍ന്ന വിവരം ചോര്‍ത്തിയത് ആരെന്ന് അറിയാന്‍ സിപിഎം പാര്‍ട്ടിതല അന്വേഷണം നടത്തിവരികയാണ്. പത്രസമ്മേളനം കൊഴുപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം പാര്‍ട്ടി ചാനലിലും പത്രത്തിലും നല്‍കിയ നിര്‍ദേശം എങ്ങനെയാണ് ചോര്‍ന്നതെന്നതിലാണ് അന്വേഷണം നടത്തിവരുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലെത്തുകയും ജില്ലാ പഞ്ചായത്ത് അംഗം വരെ ഉയരുകയും ചെയ്ത നെബു പാര്‍ട്ടിയെ തള്ളിപ്പറഞ്ഞാല്‍ അത് സിപിഎം നേട്ടമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തന്റെ നീക്കം ചോര്‍ന്നു എന്നറിഞ്ഞതോടെ നെബു സ്ഥാനാര്‍ഥിത്വം വേണ്ടെന്നു വയ്ക്കുകയും ചാണ്ടി ഉമ്മനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പഖ്യാപനം നടത്തുകയും ചെയ്തു.
പുതുപ്പള്ളിയില്‍ വേണ്ട വിധം ചര്‍ച്ച നടത്താതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു എന്ന ആരോപണം നെബു ഉയര്‍ത്തി വിഭാഗീയതയുടെ വിത്തുപാകണമെന്നതായിരുന്നു സിപിഎം തന്ത്രം.
ഈ നീക്കം വിജയിക്കാതെ വന്നതോടെ അടുത്ത സ്വതന്ത്രനെത്തേടി സിപിഎം നീക്കം തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകനായ കോളജ് അധ്യാപകന്‍, കോട്ടയത്തെ പ്രമുഖ അഭിഭാഷകന്‍, യാക്കോബായ സഭയിലെ അല്‍മായ നേതാവ് തുടങ്ങിയവരെയൊക്കെ സ്വതന്ത്രകുപ്പായത്തില്‍ കളത്തിലിറക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും നേട്ടമായില്ല.
തുടര്‍ന്നാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന മട്ടില്‍ സഖാവ് ജെയ്ക് സി തോമസിനെ കളത്തിലിറക്കാന്‍ നിര്‍ബന്ധിതനായത്. ഇത് മൂന്നാമൂഴമാണ് ജെയ്ക് പുതുപ്പള്ളിയില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരപക്ഷം ഒന്‍പതിനായിരമായി കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചു എന്നതുമാണ് ജെയ്ക്കിനെ മൂന്നാം തവണയും പരീക്ഷിക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതരാക്കിയത്.
ജില്ലാ നേതാക്കളായ റെജി സഖറിയ, സുജ സൂസന്‍ തുടങ്ങി ഏതാനും പേരുടെ പേരുകളും പാര്‍ട്ടി പരിഗണിച്ചെങ്കിലും ജെയ്ക്കല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ പരീക്ഷിക്കേണ്ടെന്നായിരുന്നു തീരുമാനം. മാത്രവുമല്ല സുജ സൂസന്‍ മുന്‍പ് ഉമ്മന്‍ ചാണ്ടിയോടോട് കാല്‍ലക്ഷം വോട്ടിന് പരാജയപ്പെട്ടിട്ടുമുണ്ട്. ജെയ്ക് സി തോമസ് ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണെന്നതും ചെറുപ്പക്കാരനാണെന്നതും യാക്കോബായ സഭാംഗമാണെന്നതുമൊക്കെയാണ് സാധ്യതയായി ബാക്കിയുള്ളത്.
ചാണ്ടി ഉമ്മന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയാണെന്നതും സഭകള്‍ തമ്മിലെ തര്‍ക്കം കുത്തിപ്പൊക്കി മുതലെടുക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് മാണി വോട്ടുകളില്‍ ഏറെയും ജെയ്ക്കിന് ലഭിച്ചെന്നും യാക്കോബായ വോട്ടുകള്‍ നേടാന്‍ ജെയ്ക്കിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ മൂന്നാമതും നിന്നു തോല്‍ക്കാന്‍ മനസ് അനുവദിക്കില്ലെന്നും മൂന്നു തവണ ഒരേ മണ്ഡലത്തില്‍ മത്സരിച്ച തോറ്റ ചരിത്രം കേരളത്തില്‍ മാറ്റാര്‍ക്കുമില്ലെന്നുമുള്ള നിലപാടിലായിരുന്നു ജെയ്ക്ക്.
ഇത്തവണയും തോറ്റാല്‍ പാര്‍ട്ടി തലത്തില്‍ ഉന്നത സ്ഥാനപദവി ഉറപ്പാക്കിയാണ ജെയ്ക്കിനെ ഒരു വിധം സ്ഥാനാര്‍ഥിയാക്കി പ്രചാരണത്തിന് ഇറക്കുന്നത്. എന്തായാലും സിപിഎം പുതുപ്പള്ളിയില്‍ തെല്ലും ആവേശത്തിലോ അമിത വിശ്വാസത്തിലോ അല്ല. മാത്രവുമല്ല രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ പുതുപ്പള്ളിയില്‍ പ്രചാരണത്തിനിറങ്ങുമെന്നും ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ വികാരത്തില്‍ ചാണ്ടി ഉമ്മന് കുറഞ്ഞത് നാല്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയോട് ആത്മബന്ധമുണ്ടായിരുന്ന മാണി അനുഭാവികളുടെ വോട്ട് ഇത്തവണ ചാണ്ടി ഉമ്മന് പോകുമെന്നാണ് അവരുടെ വിലയിരുത്തല്‍. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ്.
https://www.facebook.com/Malayalivartha
























