പൊതു മേഖലാ സ്ഥാപന നിയമന തട്ടിപ്പ് കേസിൽ തലസ്ഥാന മജിസ്ട്രേട്ട് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു; ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്നത് 1.85 കോടിയുടെ ജോലി തട്ടിപ്പ്; തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്

പൊതു മേഖലാ സ്ഥാപന നിയമന തട്ടിപ്പ് കേസിൽ തലസ്ഥാന മജിസ്ട്രേട്ട് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്ന 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 8 വഞ്ചനാ കേസുകളിലായി 8 കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്.
പ്രധാന ഇടനിലക്കാരി ദിവ്യ ജ്യോതി നായർ, ഇവരുടെ ഭർത്താവ് രാജേഷ്, സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാം ലാൽ, അമ്പലമുക്ക് സ്വദേശി ലീഗൽ ഡി ജി എം ശശികുമാരന്‍ തമ്പി, ദിവ്യ നടത്തിയ 27 തട്ടിപ്പു കേസുകളിൽ 6 ഇരകളെ ദിവ്യക്ക് പരിചയപ്പെടുത്തുകയും അനവധി പേരെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും കമ്മീഷൻ പറ്റിയ മുഖ്യ സൂത്രധാരൻ എംഎൽഎ ക്വാർട്ടേഴ്സ് കോഫി ബോർഡ് സൊസൈറ്റി ക്യാൻറിൻ പ്രസിഡൻ്റ് ശ്രീവരാഹം സ്വദേശി അനിൽ കുമാർ എന്ന മണക്കാട് അനിൽ , അഭിലാഷ് എന്നിവരാണ് 1 മുതൽ 7വരെയുള്ള പ്രതികൾ.
2018-2022 കാലയളവിലാണ് തൊഴിൽ തട്ടിപ്പു നടന്നത്. ടൈറ്റാനിയത്തിൽ മാനേജർ , അസി.മനേജർ , ക്ലാർക്ക് , കെമിസ്റ്റ് , മെക്കാനിക് , ഓഫീസ് അസിസ്റ്റൻറ് തുടങ്ങിയ വിവിധ തസ്തികകളിൽ ജോലിഒഴിവുണ്ടെന്ന് കാട്ടി ദിവ്യ ഫെയ്സ് ബുക്കിൽ പരസ്യം നൽകി ഉദ്യോഗാർത്ഥികളെ ആകർഷിപ്പിച്ച് തട്ടിപ്പിന് കളമൊരുക്കിയതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
ഇടനിലക്കാരായ മറ്റു പ്രതികൾ മുഖേന ലക്ഷങ്ങൾ പറഞ്ഞുറപ്പിച്ച് ചെക്കും പ്രോനോട്ടും നൽകി പകുതിപ്പണം നേരിട്ടും അക്കൗണ്ട് ട്രാൻസ്ഫർ, ഗൂഗിൾ പേ വഴിയും ആദ്യം വാങ്ങിയ ശേഷം ഉദ്യോഗാർത്ഥികളെ ഉൻറർവ്യൂ എന്ന വ്യാജേന ടൈറ്റാനിയം ലീഗൽ ഡി ജി എം മുമ്പാകെ എത്തിച്ച് ഇൻറർവ്യൂ നടത്തി വിശ്വാസമാർജിച്ച ശേഷം ബാക്കി പണം വാങ്ങും. തുടർന്ന് ഇലക്ഷൻ പെരുമാറ്റച്ചട്ടം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നാൾ നീട്ടി വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ്, പൂജപ്പുര , വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളില്‍ ഒന്നാം പ്രതി ദിവ്യയും ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ 2022 ഡിസംബർ 18 ന് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരന്‍ തമ്പി അടക്കമുള്ള കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിൽ പോയി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു.
പാൽക്കുളങ്ങര ക്ഷേത്രം കിഴക്കേ നട നിവാസി ഹരികുമാറിൽ നിന്ന് 9 ലക്ഷം , ആനാട് ഗാന്ധിനഗർ മലങ്കര ചർച്ചിന് സമീപം സഹോദരങ്ങളായ അജേഷ് മാത്യു, അലക്സ് മാത്യു , മാണിക്യ വിളാകം അരുവിക്കര ലെയിനിൽ സച്ചിൻ , കുര്യാത്തി അമ്മൻകോവിലിന് സമീപം അഭിഷേക് , കല്ലിയൂർ സ്വദേശി അഖിൽ, നെടുങ്കാട് സ്വദേശി ഹരികൃഷ്ണൻ , പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയുടെ മകന് മെക്കാനിക് ജോലിക്കു വേണ്ടി സഹ അധ്യാപകൻ ഷംനാദിൻ്റെ പരിചയത്തിൽ അധ്യാപികയിൽ നിന്ന് 14 ലക്ഷം (ഷംനാദ് പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിവ്യയുടെ കൂട്ടുപ്രതിയാണ് ), വെഞ്ഞാറമൂട് സ്വദേശിനിയിൽ നിന്ന് കെമിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം , ഓഫീസ് അസിസ്റ്റൻറ് ജോലി വാഗ്ദാനം ചെയ്ത് ശ്രീവരാഹം സ്വദേശിയിൽ നിന്ന് 10 ലക്ഷം എന്നിങ്ങനെ അനവധി പേർക്ക് പൊള്ളയായ വാഗ്ദാനം നൽകി നേരു കേടായും വഞ്ചനാപരമായും പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം ജോലി നൽകുകയോ പണം തിര്യെ നൽകുകയോ ചെയ്യാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് 2022 നവംബർ മാസം വെഞ്ഞാറമൂട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 12 ലക്ഷത്തിൻ്റെ തട്ടിപ്പിനാണ് പൂജപ്പുര സ്റ്റേഷനിൽ കേസ് വന്നത്.
ദിവ്യാജ്യോതി പണം വാങ്ങിയ ശേഷം ശശികുമാരൻ തമ്പിയുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ പ്രേംകുമാറും ശ്യാം ലാലും ഈ ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ നടത്തുന്നത് ഡിജിഎം ശശികുമാരന്‍ തമ്പിയായിരുന്നു. ഇന്‍റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്‍റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്‍റര്‍വ്യു നടത്തിയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം ഒട്ടു തോന്നിയിരുന്നില്ല.
2022 ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചു പേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പോലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്.
ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പോലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പോലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പോലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.
പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന അധ്യാപകനായ പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളായ പ്രേം കുമാര്‍ ശ്യാം ലാല്‍ എന്നിവരോടൊപ്പം അധ്യാപികയുടെ മകനെ ടൈറ്റാനിയം കമ്പനിയില്‍ കൊണ്ട് വന്ന് ശശികുമാരന്‍ തമ്പിയെ കാണിച്ച് വിശ്വാസ്യത ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
ടൈറ്റാനിയം വെഞ്ഞാറുംമൂട് സ്വദേശിനിയില്‍ നിന്ന് കെമിസ്റ്റ് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ അനില്‍ കുമാര്‍ ദിവ്യാ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം കൈമാറി. ഇതില്‍ നിന്ന് അപ്പോള്‍ തന്നെ കമ്മീഷനായി രണ്ട് ലക്ഷം രൂപ അനില്‍ കുമാറിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് വെഞ്ഞാറുംമൂട് പോലീസ് അനില്‍കുമാറിനെതിരെ കേസ് എടുത്തത്. ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ശ്രീവരാഹം സ്വദേശിയില്‍ നിന്ന് 10 ലക്ഷം വാങ്ങിയത് അനില്‍ കുമാറായിരുന്നു.ഇതിനെതിരെ കന്റോണ്‍മെന്റ് പോലീസും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ശ്രീവരാഹം ഇരമത്ത് വീട്ടില്‍ സ്വദേശിയായ അനില്‍കുമാര്‍ ഇന്‍ഡ്യന്‍ കോഫീ ഹൗസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്.
https://www.facebook.com/Malayalivartha






















