സങ്കടം അടക്കാനാവാതെ..... മകന്റെ വാഹനം ജപ്തി ചെയ്തതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു...

സങ്കടം അടക്കാനാവാതെ..... മകന്റെ വാഹനം ജപ്തി ചെയ്തതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തലവൂര്‍ അരിങ്ങട പ്ലാങ്കാല വീട്ടില്‍ കുഞ്ഞപ്പന്‍(60) ആണ് വിഷം ഉള്ളില്‍ ചെന്നു മരിച്ചത്.
ജപ്തി നടപടിയില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ചു ബന്ധുക്കളും ടൂറിസ്റ്റ് ബസ് ഉടമകളും രംഗത്തെത്തി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പുനലൂര്‍ ശാഖയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ മകന്‍ ലിനുവിന്റെ ട്രാവലര്‍ ബുധനാഴ്ച പൊലീസിന്റെ സാന്നിധ്യത്തിലെത്തിയ പണമിടപാടു സ്ഥാപനത്തില്‍ നിന്നുള്ള സംഘം ജപ്തി ചെയ്തിട്ടുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12ന് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേം 5ന് മരണം സംഭവിച്ചു. മരണത്തിനു പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തു. ധനകാര്യ സ്ഥാപനത്തില്‍ നിന്നുണ്ടായ പീഡനങ്ങളാണു മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്ന് കുഞ്ഞപ്പന്റെ മകന്‍ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകള്‍: ലിന്‍സി.
അതേസമയം ട്രാവലര്‍ വാന്‍ വാങ്ങാനായി സ്ഥാപനത്തില്‍ നിന്ന് 11 ലക്ഷം രൂപയാണു ലിനു വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുള്ള ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാന്‍ സ്ഥാപനവുമായി ധാരണയിലെത്തുകയായിരുന്നു. ഇതില്‍ 4.75 ലക്ഷം രൂപ അടച്ചു. ബാക്കി 25000 രൂപ അടയ്ക്കാന്‍ അടുത്ത മാസം ചെന്നെങ്കിലും പണം സ്വീകരിച്ചില്ല. 25000 രൂപയ്ക്കു പകരം ബാങ്ക് പറയുന്ന അധികത്തുക അടയ്ക്കാന്‍ തയ്യാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും പിന്നീട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം, വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേര്‍ത്ത് 4 ലക്ഷം രൂപ അടയ്ക്കാമെന്നായിരുന്നു ലിനു നല്‍കിയ ഉറപ്പ്.
കഴിഞ്ഞ 9ന് വൈകിട്ട് പൊലീസ് സാന്നിധ്യത്തില്‍ വീട്ടിലെത്തിയ സ്ഥാപനത്തിലെ പ്രതിനിധി സംഘം വീട്ടുമുറ്റത്ത് കിടന്ന ട്രാവലര്‍ നിര്‍ബന്ധപൂര്‍വം കൊണ്ടു പോയി. പണം അടയ്ക്കാമെന്നും വാഹനം കൊണ്ടുപോകരുതെന്നും കുഞ്ഞപ്പന്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വാഹനം ജപ്തി ചെയ്യുന്നതു കണ്ടു ലിനു നിലവിളിച്ചതോടെ നിശബ്ദനായ കുഞ്ഞപ്പന്‍ പിന്നീട് ആരോടും മിണ്ടിയില്ല.
വാഹനം കൊണ്ടുപോകുമ്പോള്‍ 'ഇതിനു നിങ്ങള്‍ സമാധാനം പറയേണ്ടി വരും' എന്നു മാത്രം പറഞ്ഞു. മകന്റെ ആ വേദന പിതാവിന് താങ്ങാനാവാതെ എന്നെന്നേക്കുമായി യാത്രയായി.
"
https://www.facebook.com/Malayalivartha






















