മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച നാല് പേരുടെ വീടുകളിൽ എൻഐഎ പരിശോധന; പുലർച്ചെ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു; മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ് നടന്നത്

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ച നാല് പേരുടെ വീടുകളിൽ എൻഐഎ പരിശോധന നടന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകരുടെ വീടുകളിലാണ് വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രവർത്തരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന ഒമ്പത് മണി വരെ നീണ്ടു.
വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. മുൻപ് നടന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്.
പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതായുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട് . കേരളത്തിൽ മലപ്പുറത്തെ നാലിടങ്ങൾക്കൊപ്പം പത്തോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായുള്ള വിവരവും പ്രചരിക്കുന്നുണ്ട് . പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണ് നടക്കുന്നത് എന്നാണ് സൂചന.
അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു (പിഎഫ്‌ഐ) എതിരെ നടത്തുന്ന നീക്കങ്ങൾ സുപ്രധാന ഘട്ടത്തിലാണ്. സംഘടനയ്ക്ക് പണം വരുന്ന വഴികൾ തേടിയാണ് ഇഡിയുടെ അന്വേഷണം.
കേരളത്തില പല പദ്ധതികളുടെ പേരിലും വിദേശത്തു നിന്നും പിഎഫ്‌ഐ പണം എത്തിച്ചു എന്നാണ് കണ്ടെത്തൽ. 2015നു ശേഷം പ്രവർത്തന ഫണ്ടായി ലഭിച്ച കള്ളപ്പണ ഇടപാട് ഇടുക്കി മാങ്കുളത്തെ മൂന്നാർ വില്ല വിസ്റ്റ പാർപ്പിട പദ്ധതിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മറ്റു പലതിലേക്കും ചെന്നെത്തുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha






















